ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യുടെ അടുത്ത യോഗം മുംബൈയില്‍. ഓഗസ്റ്റ് 25, 26 തീയതികളിലാവും നേതാക്കള്‍ മുംബൈയില്‍ കൂടിച്ചേരുക. ഈ മാസം ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ അടുത്ത വേദി തീരുമാനമായിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല.
പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുക എന്നതാകും മുംബൈ യോഗത്തിലെ മുഖ്യഅജണ്ട. ഈ പൊതുമിനിമം പരിപാടിയെ മുന്‍നിര്‍ത്തിയാകും 2024 തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രങ്ങള്‍. ‘ഇന്ത്യ’യുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ 11 അംഗ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും മുംബൈയില്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. സമിതി അംഗങ്ങള്‍ ആരൊക്കെ ആകുമെന്നും കണ്‍വീനര്‍ ആരാകുമെന്നും മുംബൈ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാറിന്റെ എന്‍സിപി, ഉദ്ധവ് താക്കറെയുടെ ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാകും മുംബൈയിലെ യോഗത്തിന് ആതിഥ്യം വഹിക്കുക. മുന്നണിയിലെ കക്ഷികള്‍ അധികാരത്തിലില്ലാത്ത ഒരു സംസ്ഥാനത്ത് നടക്കുന്ന ‘ഇന്ത്യ’യുടെ ആദ്യ യോഗമാണിത്. പറ്റ്‌നയില്‍ ചേര്‍ന്ന ആദ്യ യോഗം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. ബെംഗളൂരു യോഗത്തിന് ആതിഥ്യം വഹിച്ചത് കോണ്‍ഗ്രസാണ്. ബെംഗളൂരു യോഗത്തിലാണ് മുന്നണിക്ക് ‘ഇന്ത്യ’ എന്ന പേരിട്ടത്. ഈ നീക്കം സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യ എന്ന പേര് വന്നതിന് ശേഷം മോദിയും ബി.ജെ.പി നേതാക്കളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.