X

കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം; മലേഷ്യക്കെതിരെ നടപടിയുമായി ഇന്ത്യ

പാം ഓയില്‍ മില്ലില്‍ കെട്ടികിടക്കുന്ന പാം എണ്ണപ്പന കുലകള്‍

ന്യൂഡല്‍ഹി: പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറച്ചും മറ്റ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നും മലേഷ്യക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ജമ്മു കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് യുഎന്നില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇന്ത്യ കടുത്തതീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്നായിരുന്നു മഹാതിര്‍ മുഹമ്മദിന്റെ ആരോപണം. അതില്‍ പ്രകോപിതരായാണ് മലേഷ്യയുടെ പ്രധാന വരുമാനമായ പാമോയില്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഇന്ത്യ ആലോചിക്കുന്നത്.
വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പ്രതികരിച്ചു. വാര്‍ത്തക്ക് പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം മലേഷ്യന്‍ പാം ഓയില്‍ അഞ്ചു ദിവസത്തെ കുറഞ്ഞ നേട്ടം രേഖപ്പെടുത്തി. നേരത്തെ വ്യാപാരം നടന്നിരുന്ന ബര്‍സ മലേഷ്യ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചിലെ ഡിസംബര്‍ ഡെലിവറിയിലെ പാം ഓയില്‍ കരാര്‍ 0.9 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2,185 റിംഗിറ്റ് (522.23 ഡോളര്‍) ആയി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാം ഓയില്‍ ആണ്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 9 ദശലക്ഷം ടണ്ണിലധികം പാം ഓയില്‍ വാങ്ങുന്നുണ്ട്. മലേഷ്യന്‍ പാം ഓയില്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് 2019 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഏറ്റവും അധികം പാം ഓയില്‍ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്‍ പാം ഓയിലാണ് ഇന്ത്യ വാങ്ങിയിട്ടുള്ളതെന്നാണ് കണക്ക്.
മലേഷ്യയില്‍ നിന്ന് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയാലും ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.മലേഷ്യക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്തോനേഷ്യ, അര്‍ജന്റീന, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാവും ഇന്ത്യ പാം ഓയില്‍ വാങ്ങുക.
കുറവ് പരിഹരിക്കുന്നതിന് അര്‍ജന്റീനയില്‍ നിന്നുള്ള സോയോയില്‍, യുക്രെയ്‌നില്‍ നിന്നുള്ള സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി കുറച്ചാല്‍ അത് ഇന്തോനേഷ്യയ്ക്കും നേട്ടമായേക്കും. ഇന്ത്യ പാം ഓയില്‍ വാങ്ങുന്നത് വര്‍ധിപ്പിക്കണമെന്ന് ഇന്തോനേഷ്യ ആഗ്രഹിക്കുന്നുണ്ട്. പകരമായി ഇന്ത്യയില്‍ നിന്ന് പഞ്ചസാര വാങ്ങും. ഇന്ത്യ ഇറക്കുമതി വെട്ടിക്കുറക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ മലേഷ്യയുടെ വരുമാനത്തില്‍ ഗണ്യമായി കുറവുണ്ടായേക്കും.

chandrika: