ജോധ്പൂര്‍: കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്നലെയാണ് സംഭവം. ശങ്കര്‍ ലാല്‍ (38) എന്ന യുവാവാണ് മാതാപിതാക്കളെയും രണ്ട് മക്കളെയും കൊന്ന് ജീവനൊടുക്കിയത്. ഫാമില്‍ ജോലി ചെയ്തിരുന്ന പിതാവ് സോനാറാമിനെ (65)യാണ് ശങ്കര്‍ ലാല്‍ ആദ്യം കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് സോനാറാമിനെ ശങ്കര്‍ ലാല്‍ കൊലപ്പെടുത്തിയത്. പിന്നീട് അമ്മ ചമ്പ (55), മക്കളായ ലക്ഷ്മണ് (14), ദിനേഷ് (8), എന്നിവരെയും കൊലപ്പെടുത്തിയതായി എസ്.എച്ച്.ഒ ബദ്രി പ്രസാദ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ ലാല്‍ അവരുടെ മൃതദേഹങ്ങള്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ഇയാള്‍ അവിടെയുള്ള വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പീല്‍വ ഗ്രാമത്തിലെ കര്‍ഷകനായ ലാല്‍ ലഹരി മരുന്നായ ഒപ്പിയത്തിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ അറിയാതിരിക്കാന്‍ ലാല്‍ അവര്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയിക്കുന്നതായി എസ്.എച്ച്.ഒ പറഞ്ഞു. ജലസംഭരണിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.