ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം രാജ്യത്ത് ഫോര്‍വേഡ് മെസേജിന് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്സ്ആപ്പ് കമ്പനി. ഓരേ സന്ദേശം കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിനാണ് വാട്സ്ആപ്പ് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേസമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ ഇനി സാധിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആള്‍ക്കൂട്ട ആക്രമം ഉള്‍പ്പെടെ രാജ്യത്ത് അധികരിച്ച അക്രമങ്ങള്‍ വ്യാപിക്കുന്നതിന് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കാരണമാകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
ടെക്‌സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. ഇന്നലെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കി തുടങ്ങിയതായി വാട്സ്ആപ്പ് ബ്ലോഗിലൂടെ അറിയിച്ചു.