X
    Categories: CultureViews

ദിര്‍ഹം ഒന്നിന് 19 രൂപ; ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍

മുംബൈ: യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും മോശം നിലയില്‍. ഒരു ദിര്‍ഹമിന് 19 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വര്‍ഷാവസാനം ആകുമ്പോഴേക്ക് ദിര്‍ഹമിനെതിരെ രൂപയുടെ മൂല്യം 20 കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

ഡോളറിനെതിരെയുള്ള മൂല്യ ശോഷണമാണ് ദിര്‍ഹത്തിനെതിരെയുള്ള രൂപയുടെ പ്രകടനത്തിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച വൈകുന്നരേം ഡോളറിന് 68.84 ആയിരുന്ന രൂപ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 69.47 എന്ന അവസ്ഥയിലേക്കു പതിച്ചു. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളറില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതാണ് രൂപക്ക് തിരിച്ചടിയായത്. ചൈന, യു.എസ് തുടങ്ങിയ വന്‍കിട വിപണികള്‍ തമ്മിലുള്ള മത്സരവും ഇന്ത്യയെ ബാധിച്ചു. രൂപയെ ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയയായി പരാജയപ്പെടുന്നതും രാജ്യത്തിന്റെ കറന്‍സിക്ക് തിരിച്ചടിയായി.

ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ രൂപ ദിര്‍ഹമിനെതിരെ 18.93 എന്ന നിലയിലായിരുന്നു. ഡോളറിനൊപ്പം ദിര്‍ഹവും സ്ഥിതി മെച്ചപ്പെടുത്തിയത് രൂപക്ക് തിരിച്ചടിയായി.

യു.എ.ഇ ദിര്‍ഹം ഏറ്റവുമധികം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന വിദേശ നാണ്യം ഇന്ത്യന്‍ രൂപയാണ്. ദിര്‍ഹത്തില്‍ നിന്നുള്ള ഇതരനാണ്യ വ്യവഹാരത്തിന്റെ 36.7 ശതമാനവും ഇന്ത്യന്‍ രൂപയിലേക്കാണ്. പാകിസ്താന്‍ രൂപ (8.8 ശതമാനം), ഫിലിപ്പിനോ (6.9) എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

രൂപയുടെ ഈ വീഴ്ച രാജ്യത്ത് ആശങ്ക വിതക്കുമ്പോഴും യു.എ.ഇയിലുള്ള പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമാണ.്

ചന്ദ്രിക വെബ് ഡെസ്‌ക്‌: