വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന് തോല്‍വിയാണ് ഇന്ത്യ രുചിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിവീസ് 219 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ പത്ത് പേര്‍ ചേര്‍ന്ന് നേടിയത് കേവലം 139 റണ്‍സ്. ടെസ്റ്റ്-ഏകദിന പരമ്പരകളില്‍ കളം നിറഞ്ഞ ഇന്ത്യ ടീം വേഗത്തിന്റെ മത്സരത്തില്‍ ഒരു ഘട്ടത്തിലും ചിത്രത്തിലുണ്ടായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം കവീസ് പിടിമുറുക്കിയപ്പോള്‍ ഇന്ത്യക്ക് അമ്പേ പരാജയം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് തുടങ്ങിയ ചാമ്പ്യന്‍ ബൗളര്‍മാരില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി പന്തെടുത്ത് അഞ്ച് പേരെയും കിവി ബാറ്റ്‌സ്മാന്മാര്‍ കണക്കിന് ശിക്ഷിച്ചു. കിവീസിന്റെ പുതിയ വിക്കറ്റ് കീപ്പര്‍ ടീം സൈഫര്‍ട്ട് ആഞ്ഞടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും നിലയില്ലാത്ത കയത്തിലായി.
മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലത്തിന്റെ ശൈലിയില്‍ നിറഞ്ഞാടിയ സൈഫര്‍ട്ട് 43 പന്തില്‍ നിന്ന് 84 റണ്‍സാണ് അദ്ദേഹം അതിവേഗതയില്‍ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോ പൂര്‍ണ്ണ പിന്തുണ നല്‍കി. നായകന്‍ കീത്ത് വില്ല്യംസണും 34 റണ്‍സുമായി കസറി.
ഭുവനേശ്വര്‍ ഒരു വിക്കറ്റ് നേടാന്‍ 47 റണ്‍സ് വഴങ്ങി. ഖലീല്‍ അഹമ്മദിനും കാര്യമായ മര്‍ദ്ദനമേറ്റു. ഹാര്‍ദ്ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ എന്നിവരും ശിക്ഷിക്കപ്പെട്ടപ്പോള്‍ യൂസവേന്ദ്ര ചാഹല്‍ മാത്രമായിരുന്നു തമ്മില്‍ ഭേദമായത്.
ഇന്ത്യന്‍ മറുപടി ദയനീയതയില്‍ നിന്നായിരുന്നു. വിരാത് കോലിയെ കൂടാതെ നായകന്റെ തൊപ്പിയിട്ട രോഹിത് ശര്‍മ മൂന്നാം ഓവറില്‍ തന്നെ മടങ്ങി. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട രോഹിത് ടീം സൗത്തിയുടെ പന്തിലാണ് പുറത്തായത്. ശിഖര്‍ ധവാനും മൂന്നാം നമ്പറില്‍ വന്ന ശങ്കറും ചേര്‍ന്ന് രക്ഷാദൗത്യം നടത്തിയെങ്കിലും സ്‌ക്കോറിംഗ് മന്ദഗതിയിലായിരുന്നു. സ്‌ക്കോര്‍ 51 ല്‍ ധവാനെ ഫെര്‍ഗൂസണ്‍ മടക്കിയതോടെ ചെറിയ തകര്‍ച്ച. റിഷാഭ് പന്തിന് നേടാനായത് ഒരു റണ്‍ മാത്രം. ദിനേശ് കാര്‍ത്തിക്കും പെട്ടെന്ന് മടങ്ങിയ ശേഷം മഹേന്ദ്രസിംഗ് ധോണിയുടെ ഊഴം. പക്ഷേ മുന്‍ നായകന് പിന്തുണ നല്‍കാന്‍ കാര്യമായി ആരുമുണ്ടായിരുന്നില്ല. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമായി എം.എസ് 39 റണ്‍സ് നേടി. ഓള്‍റൗണ്ടര്‍മാരായ സഹോദരങ്ങള്‍ ഹാര്‍ദ്ദിക്കും (4) ക്രുനാലും (20) പൊരുതിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ ടീം സൗത്തി മൂന്ന് വിക്കറ്റുമായി ഒന്നാമനായി. സൈഫോര്‍ട്ടാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മല്‍സരം വെള്ളിയാഴ്ച്ച നടക്കും