ലണ്ടന്‍: ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ്ക്ക് തോല്‍വി. ഇതിഹാസ താരം അലസ്റ്റയര്‍ കുക്കിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. 464 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 345 റണ്‍സിന് പുറത്തായി. രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേള്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (149), റെക്കോര്‍ഡ് ബുക്കുകളില്‍ ഇടംപിടിച്ച പ്രകടനത്തോടെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും (114) പ്രകടനങ്ങള്‍ നിറം ചാര്‍ത്തിയ ഇന്നിങ്‌സിനൊടുവിലാണ് ഓവലില്‍ ഇന്ത്യ തോല്‍വി സമ്മതിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് ഇംഗ്ലണ്ടിന് അടിയറവു വച്ചു.
മുഹമ്മദ് ഷമിയെ പുറത്താക്കി ഇന്ത്യന്‍ ഇന്നിങ്‌സ് ചുരുട്ടിക്കെട്ടിയ ഇംഗ്ലണ്ട് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസ് ബോളറാകുന്നതിനും ഓവല്‍ സാക്ഷ്യം വഹിച്ചു. 143 ടെസ്റ്റുകളില്‍നിന്ന് 564 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആന്‍ഡേഴ്‌സന്‍, ഗ്ലെന്‍ മഗ്രാത്തിനെയാണ് പിന്നിലാക്കിയത്. സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവര്‍ മാത്രമാണ് ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണത്തില്‍ ഇനി ആന്‍ഡേഴ്‌സനു മുന്നിലുള്ളത്.