X

പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ്; പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. പാകിസ്താനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേക്ക് ശനിയാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ഈ പദ്ധതി പരമാധികാരത്തിനോട് ഉള്ള വെല്ലുവിളിയാണെന്ന് ഇന്ത്യ പറഞ്ഞു.

വിഷയത്തില്‍ പാകിസ്താനെയും ചൈനയെയും ഇന്ത്യ പ്രതിഷേധമറിയിച്ചു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടനാഴിക്കെതിരായ നിലപാടാണ് ഇന്ത്യക്കുള്ളത്.

ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടെതാണെന്നും പാകിസ്താന്‍ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.

വിദേശകാര്യ വക്താവ് രവീഷ് കുമാര്‍

1963 ലെ പാകിസ്താന്‍ ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പാകിസ്താനും ചൈനയും തമ്മില്‍ അതിര്‍ത്തി ഒരിക്കലും പങ്കിടുന്നില്ല. ഇന്ത്യ- അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളാണ് പാകിസ്താന്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

chandrika: