ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി കുറയ്‌ക്കേണ്ടി വരികയാണെങ്കില്‍ ഈ സാഹചര്യത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി എന്നാണ് പുതിയ വിവരം. എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ രൂപപ്പെട്ട് വരുന്നതേയുളളൂവെന്നും ഇത് കുറയാനോ, നിലയ്ക്കാനോ സാധ്യതയുണ്ടെന്നും കേന്ദ്രം എണ്ണ സംസ്‌കരണ കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വിശദീകരിച്ചു.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്നാണ് അമേരിക്കന്‍ ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തിന് വഴങ്ങാനാവില്ലെന്ന് ഇന്ത്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയേക്കുമെന്നാണ് എണ്ണ കമ്പനികള്‍ക്ക് ഒരുങ്ങിയിരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ മനസ്സിലാവുന്നത്. നേരത്തെ ഇറാനെതിരെ ഐക്യരാഷ്ട്ര സഭ നിലപാടെടുക്കുകയാണെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്താം എന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
അതേസമയം ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നവംബര്‍ നാലിനകം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. വിലക്ക് ലംഘിച്ചും ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. സഊദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാമത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നുമാണ്.