X
    Categories: CultureMoreViews

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; യു.എന്നില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം

യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. അര്‍ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതാവില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പ പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ കശ്മീരിനെ കുറിച്ച് അനാവശ്യവും അനുചിതവുമായ കാര്യങ്ങള്‍ പറയാന്‍ യു.എന്‍ പോലുള്ള ഒരു അന്താരാഷ്ട്ര വേദിയെ ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീര്‍ വിഷയം ദുരുദ്ദേശപരമായി യു.എന്നില്‍ ഉന്നയിക്കാനുള്ള ശ്രമം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വിധത്തിലുള്ള ചലനവുമുണ്ടാക്കാതെ അത് പരാജയപ്പെടുകയായിരുന്നു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക്കിസ്ഥാന്റെ അര്‍ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് അതില്ലാതാവില്ല-ബൊയ്യപ്പ വ്യക്തമാക്കി.

കശ്മീരില്‍ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി പാക്കിസ്ഥാന്‍ പ്രതിനിധി മലീഹ ലോധി യു.എന്നില്‍ പറഞ്ഞിരുന്നു. ജൂണ്‍ 14ന് പുറത്തു വന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ഇതിന് മറുപടി പറയുകയായിരുന്നു ഇന്ത്യ. യു.എന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നേരത്തെ തന്നെ ഇന്ത്യ തള്ളിക്കളഞ്ഞതാണ്. പാക്കിസ്ഥാന് സഹായകരമായ രീതിയിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: