X

ഇന്ത്യ-ലങ്ക ടി 20 പരമ്പര ഇന്ന് മുതല്‍; ലക്‌നൗവില്‍ സഞ്ജുവിന് അവസരം?

ലക്‌നൗ: ഇന്ത്യ.-ശ്രീലങ്ക ടി-20 പരമ്പരക്ക് ഇന്നിവിടെ തുടക്കമാവുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയുടെ പിന്തുണയില്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമോ…? ഇന്നലെ, മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സഞ്ജുവിനെക്കുറിച്ച് വളരെ ആവേശത്തോടെയാണ് നായകന്‍ സംസാരിച്ചത്.

മൂന്നാം നമ്പറില്‍ വിരാത് കോലിയും മധ്യനിരയില്‍ പരുക്ക് കാരണം സൂര്യകുമാര്‍ യാദവും ഇല്ലെന്നിരിക്കെ സഞ്ജുവിന് പ്ലെയിംഗ് ഇലവനില്‍ കളിക്കാന്‍ വ്യക്തമായ അവസരമുണ്ട്. സഞ്ജുവിന്റെ ബാറ്റിംഗ് പലപ്പോഴും അല്‍ഭുതത്തോട് കൂടിയാണ് കണ്ടിരിക്കാറുള്ളതെന്ന് രോഹിത് പറഞ്ഞു. കരുത്തനായ താരമാണ്. അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ കണ്ടിരിക്കാന്‍ തന്നെ ചന്തമാണ്. ബാക്ക് ഫുട്ട് ഷോട്ടുകള്‍ അപാരമാണ്. ചില ഷോട്ടുകള്‍ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. ഉയര്‍ന്നു വരുന്ന പന്തുകളെ അദ്ദേഹം അനായാസം നേരിടുന്നത്, കട്ട് ഷോട്ടുകള്‍, ക്രിസില്‍ നിലയുറപ്പിച്ച് ബൗളറുടെ തലക്ക് മുകളിലുടെ പായിക്കുന്ന ഷോട്ടുകള്‍-അത്തരം ഷോട്ടുകളൊന്നും കളിക്കാന്‍ എളുപ്പമല്ല. ഞാന്‍ കരുതുന്നത് ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോവുമ്പോള്‍ ഇത്തരം താരങ്ങളാണ് അത്യാവശ്യം-രോഹിത് പറയുന്നു. സഞ്ജു മികച്ച താരമാണ് എന്നതിന് ഒരു സംശയവുമില്ല. തന്റെ കരുത്തിനെ അദ്ദേഹം പരമാവധി മികവില്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യക്കായി ടി-20 സംഘത്തിലും ഏകദിന സംഘത്തിലും സഞ്ജു കളിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ പോയ സംഘത്തിലാണ് അവസാനമായി അദ്ദേഹം രാജ്യത്തിന്റെ ജഴ്‌സിയില്‍ കളിച്ചത്. പക്ഷേ രാജ്യാന്തര രംഗത്ത്് ഇത് വരെ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 46 റണ്‍സാണ് ഇത് വരെയുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോര്‍. രാജ്യത്ത് മികവില്‍ മികച്ച നിരവധി പേരുണ്ട്. പക്ഷേ ആ മികവിനെ അവര്‍ ഉപയോഗപ്പെടുത്തുകയെന്നതാണ് പ്രധാനം. ഇത്തവണ സഞ്ജുവിന് അതിന് കഴിയുമെന്നാണ് കരുതുന്നതെന്ന് നായകന്‍ പറയുമ്പോള്‍ പന്ത് കേരളാ താരത്തിന്റെ കോര്‍ട്ടിലാണ്. ഓസ്‌ട്രേലിയയിലേക്കുള്ള ലോകകപ്പ് സംഘത്തില്‍ സഞ്ജുവുണ്ടാണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് കൂടി നായകന്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. മല്‍സരം രാത്രി 7-00 മുതല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

സൂര്യകുമാര്‍, ദീപക് ചാഹര്‍ പരുക്കില്‍ പുറത്ത്

ലക്‌നൗ: വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് സൂര്യകുമാര്‍ യാദവ്, പേസര്‍ ദീപക് ചാഹര്‍ എന്നിവര്‍ ശ്രീലങ്കക്കെതിരായ ടി-20 പരമ്പരക്കില്ല. പരുക്കാണ് പ്രശ്‌നം. രണ്ട് പേരുമിപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. രണ്ട് പേര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അതിനാല്‍ പകരക്കാരെ വേണ്ട എന്നാണ് ബി.സി.സി.ഐ തീരുമാനം. സൂര്യകുമാര്‍ യാദവും ചാഹറും പുറത്തായ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍, രവിന്ദു ജഡേജ എന്നിവര്‍ ആദ്യ ഇലവനിലേക്ക് കയറുമെന്നാണ് കരുതപ്പെടുന്നത്.

ഹസരംഗ പോസിറ്റീവ്

ലക്‌നൗ: ശ്രീലങ്കന്‍ സംഘത്തിലെ മികച്ച സ്പിന്നര്‍, ഐ.പി.എല്‍ ലേലത്തില്‍ വന്‍ വില നേടിയ വാനിദു ഹസരംഗ ഇന്ത്യക്കെതിരായ ടി-20 പരമ്പരയില്‍ കളിക്കില്ല. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ച സംഘത്തില്‍ ഉണ്ടായിരുന്നില്ല. ടി-20 ബൗളര്‍മാരില്‍ ഐ.സി.സി ലോക റാങ്കിംഗില്‍ മൂന്നാമത് നില്‍ക്കുന്ന ഹസരംഗക്ക് ഓസ്‌ട്രേലിയയില്‍ വെച്ചാണ് രോഗം ബാധിച്ചത്. അഞ്ച് മല്‍സര പരമ്പരയിലെ മൂന്നാം മല്‍സരത്തിന് മുമ്പായിരുന്നു രോഗബാധ. ഉടന്‍ തന്നെ അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചു. അവസാന രണ്ട് മല്‍സരങ്ങളില്‍ കളിച്ചില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാമെമന്നും കരുതി. എന്നാല്‍ ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായ ഹസരംഗ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവായി.

Test User: