വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യമാറുമെന്ന് പഠനം. 2007മുതല്‍ ഇന്ത്യ പുറത്തു വിടുന്ന സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവില്‍ 50ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസിലെ മാരിലാന്റ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
ഏറ്റവും കൂടുതല്‍ വായുമലിനീകരണമുണ്ടാക്കുന്ന വാതകമാണ് സള്‍ഫര്‍ ഡയോക്‌സൈഡ്. ഇത് നിയന്ത്രണാതീതമായി വായുവില്‍ കലരുമ്പോള്‍ ആസിഡ് കലര്‍ന്ന മഴക്കും പുകമഞ്ഞു വീഴ്ചക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കല്‍ക്കരി ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളിലും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍പ്ലാന്റുകളില്‍ നിന്നും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍ നിന്നുമാണ് സള്‍ഫര്‍ ഡയോക്‌സൈഡ് കൂടുതലായി പുറംതള്ളപ്പെടുന്നത്. ചൈനയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് ഗണ്യമായി കുറഞ്ഞത് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്ന് മാരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ കാന്‍ ലി പറയുന്നു.
ചൈനയിലെ ബെയ്ജിങില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളോടടുത്ത പ്രദേശങ്ങളില്‍ കനത്ത പുകമഞ്ഞു വീഴ്ച അനുഭവപ്പെട്ടിരുന്നു. ഇതോടെ മലിനീകരണം കൂടുതലുണ്ടാക്കുന്ന ഫാക്ടറികള്‍ക്കെതിരെ സര്‍ക്കാര്‍ ഫൈന്‍ ഈടാക്കുകയും മലിനീകരണം നിയന്ത്രിക്കാന്‍ മറ്റ് നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച കല്‍ക്കരി പവര്‍പ്ലാന്റ് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്‌സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് പഠനം
Tags: air pollutionDelhi