X

പൂനെയിലും ഇന്ത്യ ‘റിവേഴ്സ് ഗിയറിൽ’; ലീഡ് 300 കടത്തി ന്യൂസിലന്‍ഡ്

ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍. അവര്‍ക്ക് മൊത്തം 301 റണ്‍സ് ലീഡ്. കളി നിര്‍ത്തുമ്പോള്‍ 30 റണ്‍സുമായി ടോം ബ്ലന്‍ഡലും 9 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും ക്രീസില്‍.

ഒന്നാം ഇന്നിങ്സില്‍ 259 റണ്‍സിനു പുറത്തായ കിവികള്‍ ഇന്ത്യയെ 156 റണ്‍സില്‍ പുറത്താക്കി 103 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റന്‍ ടോം ലാതം ഫോമിലേക്ക് മടങ്ങിയെത്തി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി.

ലാതം 86 റണ്‍സുമായി മടങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോഴും ഒരറ്റം കാത്ത് നിര്‍ണായക ബാറ്റിങുമായി ലാതം കളം വാണു. 133 പന്തുകള്‍ നേരിട്ട് താരം 10 ഫോറുകളും തൂക്കിയാണ് 86ല്‍ എത്തിയത്. കിവികള്‍ക്ക് ഡെവോണ്‍ ലാതത്തിനു പുറമെ ഡെവോണ്‍ കോണ്‍വെ (17), വില്‍ യങ് (23), രചിന്‍ രവീന്ദ്ര (9), ഡാരില്‍ മിച്ചല്‍ (18) എന്നിവരാണ് പുറത്തായത്.

ഇനിയും മൂന്ന് ദിനം ശേഷിക്കെ നാളെ ആദ്യ സെഷനില്‍ കിവികളുടെ ബാക്കിയുള്ള 5 വിക്കറ്റുകള്‍ വീഴ്ത്താനായിരിക്കും ഇന്ത്യന്‍ ശ്രമം. 400നു മുകളില്‍ ലക്ഷ്യം ഇന്ത്യയ്ക്കു മുന്നില്‍ വയ്ക്കുകയാണ് ന്യൂസിലന്‍ഡ് കാണുന്നത്.

ഇന്ത്യക്കായി ഒന്നാം ഇന്നിങ്സില്‍ മിന്നും ബൗളിങ് പുറത്തെടുത്ത വാഷിങ്ടന്‍ സുന്ദര്‍ രണ്ടാം ഇന്നിങ്സിലും ന്യൂസിലന്‍ഡിനെ കുഴക്കി. ഇന്ന് നഷ്ടമായ അഞ്ചില്‍ നാല് വിക്കറ്റുകളും വാഷിങ്ടന്‍ സുന്ദര്‍ നേടി. ആര്‍ അശ്വിനാണ് ഒരു വിക്കറ്റ്.

നേരത്തെ 33 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നര്‍ ആണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയുടെ അന്തകനായത്. 38 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സ് വീതം എടുത്ത യശ്വസി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തടുത്ത മറ്റു രണ്ട് പേര്‍.

രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 72 പന്തുകള്‍ നേരിട്ടാണ് ഗില്‍ 30 റണ്‍സ് എടുത്തത്. പിന്നീട് എത്തിയ വിരാട് കോഹ്ലിയും അതിവേഗം മടങ്ങി. ഒരു റണ്‍സ് മാത്രം നേടിയ വിരാടിനെ സാന്റ്നര്‍ തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) അശ്വിന്‍ (4) രവീന്ദ്ര ജഡേജ (38) ആകാശ് ദീപ് (6) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി.

വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ 18 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി. മിച്ചല്‍ സാന്റ്നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാതം (15) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

webdesk13: