ന്യൂസിലാന്റിനെതിരായ ടെസ്റ്റ് തൂത്തുവരിയ ഇന്ത്യക്ക് ഇരട്ടിമധുരമായി ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനവും. കിവീസിനെതിരായ മൂന്നാം ടെസ്റ്റില്‍ 321 റണ്‍സിന് ജയിച്ചാണ് ഇന്ത്യ പരമ്പരക്കൊപ്പം ഒന്നാം സ്ഥാനവും അരക്കിട്ടുറപ്പിച്ചത്.
രണ്ടാം ടെസ്റ്റിലെ ജയത്തോടെ തന്നെ എം.ആര്‍.എഫ് ടയേര്‍സ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ പരമ്പരക്ക് ശേഷം മാത്രമേ ഐസിസി ഒന്നാം സ്ഥാനക്കാരെ പ്രഖ്യാപിക്കൂ എന്നതിനാലാണ് ഔദ്യോഗികമായി ഇന്ത്യയുടെ ഒന്നാം സ്ഥാനാരോഹണം വൈകിയത്. പരമ്പര തുടങ്ങും മുമ്പ് പാകിസ്താന് പിറകില്‍ ഒരു പോയിന്റ് പിറകിലായിരുന്ന ആതിഥേയര്‍ പരമ്പര തൂത്തുവാരിയതിലൂടെ നേടിയ അഞ്ച് പോയിന്റുമായി അയല്‍ക്കാരെക്കാള്‍ ബഹുദൂരം മുന്നിലെത്തി.
ഇപ്പോള്‍ ഇന്ത്യക്ക് 115 പോയിന്റും പാകിസ്താന് 111 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിക്കും 108 പോയിന്റ് വീതമാണ്. വളരെ പിന്നിലായി ദക്ഷിണാഫ്രിക്ക (96) നാലാം സ്ഥാനത്തും. ഒന്നാം സ്ഥാനക്കാര്‍ക്ക് ഐസിസി സമ്മാനിക്കുന്ന ‘ഗദ’ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സുനില്‍ ഗവാസ്‌കറില്‍ നിന്നും ഏറ്റുവാങ്ങി. ഒന്നാം സ്ഥാനക്കാര്‍ക്ക് ഐസിസി ഗദ ഏര്‍പ്പെടുത്തിയ ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് കോഹ്ലി. ധോണിയാണ് ഈ നേട്ടം നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍.