ഇന്ത്യ രണ്ടാം ജയത്തിന്; എതിരാളി നെതര്‍ലന്‍ഡ്
സിഡ്‌നി: മഴയുടെ ഭീഷണണിയില്ല. അതിനാല്‍ തന്നെ രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘം ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ പൂര്‍ണ പോയിന്റ് തന്നെ ലക്ഷ്യമാക്കി ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ. ഉച്ചക്ക് 12-30 നാണ് അങ്കമാരംഭിക്കുന്നത്. പാക്കിസ്താനെ തകര്‍ത്ത ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം പ്രാപ്തി നെതര്‍ലന്‍ഡ്‌സിനില്ല. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ തോറ്റ അവര്‍ക്ക് പക്ഷേ ടി-20 ക്രിക്കറ്റിന്റെ അപ്രവചനീയ മുഖത്തെ ഉപയോഗപ്പെടുത്താം. ഒരു ടി-20 മല്‍സരത്തില്‍ ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ, പാക്കിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം കളിക്കുന്ന ഗ്രൂപ്പില്‍ കളിക്കാനാവുക തന്നെ വലിയ അംഗീകാരമാണെന്നാണ് നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌ക്കോട്ട് എഡ്വാര്‍ഡ്‌സ് പറയുന്നത്.
ലോക ക്രിക്കറ്റിലെ വന്‍ ശക്തികള്‍ക്കെതിരെ കളിക്കാനുള്ള അവസരം തന്റെ കുട്ടികള്‍ക്ക് ഊര്‍ജ്ജമാവുമെന്നും അദ്ദേഹം കരുതുന്നു. ഈ വര്‍ഷം ഏകദിന പരമ്പരകളില്‍ മികവ് പ്രകടിപ്പിച്ച സംഘമാണ് നെതര്‍ലന്‍ഡ്‌സ്. ഇംഗ്ലണ്ട്, ന്യുസിലന്‍ഡ്, പാക്കിസ്താന്‍, വിന്‍ഡീസ്, അഫ്ഗാനിസ്താന്‍ തുടങ്ങിയവര്‍ക്കെതിരെ നന്നായി കളിച്ചിരുന്നു. ഈ ലോകകപ്പില്‍ തന്നെ ബംഗ്ലാദേശിനെതിരെ തോറ്റെങ്കിലും മികവിന്റെ ചില സൂചനകള്‍ അവര്‍ നല്‍കിയതുമാണ്. രണ്ട് നിരാശാജനകമായ റണ്ണൗട്ടുകളാണ് ടീമിന്റെ ഒമ്പത് റണ്‍ തോല്‍വിക്ക് കാരണമായത്. ഇന്ത്യന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങളൊന്നുമില്ല.
റണ്‍സ് നേടാന്‍ പ്രയാസപ്പെടുന്ന നായകന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ തുടങ്ങിയവര്‍ക്ക് ഫോമിലെത്താനുള്ള അവസരമാണിത്. അവസാന അഞ്ച് മല്‍സരങ്ങളില്‍ കേവലം 64 റണ്‍സ് മാത്രമാണ് നായകന് സമ്പാദിക്കാനായത്. സാധാരണ ഗതിയില്‍ ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാറുളള രോഹിത് അവസാനമായി പതിവ് ശൈലിയില്‍ കളിച്ചത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ നാഗ്പ്പൂര്‍ മല്‍സരത്തിലായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഐറിഷ് സംഘത്തില്‍ ഒരു ഇടം കൈയ്യന്‍ മാത്രമുള്ളതിനാല്‍ അശ്വിന് പകരം യൂസവേന്ദ്ര ചാഹലിന് ചിലപ്പോള്‍ അവസരം നല്‍കിയേക്കാം. ബാറ്റിംഗ് ട്രാക്കാണ് എസ്.സി.ജിയില്‍. ഇവിടെ നടന്ന ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കിവീസ് 200 റണ്‍സ് നേടിയിരുന്നു.