ഭോപ്പാല്‍: നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി വേട്ടയാടി ഇരയെ കണ്ടെത്തി. പ്രത്യേക ക്വാറന്റീന് ശേഷം രണ്ട് ആണ്‍ ചീറ്റകളെ സംരക്ഷിത മേഖലയില്‍ തുറന്നുവിട്ട് 24 മണിക്കൂറിനുള്ളിലാണ് പുള്ളിമാനിനെ വേട്ടയാടിയത്.
മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലാണ് എട്ട് ചീറ്റകളെ എത്തിച്ചത്. ഇന്ത്യയിലെത്തിച്ച് 51 ദിവസത്തെ ക്വാറന്റീന് ശേഷമാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടത്. ശനിയാഴ്ചയാണ് ഫ്രെഡി, എല്‍ട്ടണ്‍ എന്ന് പേരുള്ള രണ്ട് ആണ്‍കടുവകളെ പാര്‍ക്കില്‍ തുറന്നുവിട്ടത്.
ഇന്ത്യന്‍ സാഹചര്യവുമായി ചീറ്റകള്‍ ഇണങ്ങിയതിന്റെ അടയാളമാണ് വേട്ടയാടല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചീറ്റകള്‍ വേട്ടയാടിയ പുള്ളിമാനുകള്‍ ആഫ്രിക്കയില്‍ ഇല്ലാത്ത വര്‍ഗമാണ്. ആദ്യമായാണ് ചീറ്റകള്‍ ഇത്തരം പുള്ളിമാനുകളെ കാണുന്നതെന്നും അധികൃതര്‍ പറഞ്ഞു. ചീറ്റകള്‍ അധിവസിക്കുന്ന പ്രത്യേക ഇടത്ത് ഇരകളായ മൃഗങ്ങളെയും തുറന്നുവിടുകയായിരുന്നു.