X

രാജ്യത്തെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് പൊലീസ് സ്‌റ്റേഷനും ഇവിടെയാണ്

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ

പൊലീസ് സ്റ്റേഷൻ കാണുമ്പോൾ ധൈര്യമില്ലാതെ പുറത്ത് എവിടെയെങ്കിലും മാറി നിൽക്കുന്നവരായിരുന്നു സമൂഹത്തിലെ കൂടുതൽ പേരും. കേൾക്കുമ്പോൾ അവിടെ എങ്ങിനെ പോകുമെന്ന് പറയുന്നവരും കുറവല്ല. ലാത്തിയും തോക്കുമേന്തിയ പൊലീസുകാരനെയാവും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ ഈയിടെയായി പൊലീസ് സേനയിലും സ്റ്റേഷനുകളിലും ഉണ്ടായ മാറ്റങ്ങൾ സാധാരണക്കാരുടെ മനസ്സിലും വലിയ മറ്റങ്ങളുണ്ടാക്കി. മാതൃകാപരമായ മാറ്റങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ കണ്ടു തുടങ്ങിയത് മുൻ സർക്കാരിന്റെ കാലത്താണ്.

പ്രവർത്തന മികവ്‌കൊണ്ട് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി മാറാൻ കഴിഞ്ഞത് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിനാണ്. ഇന്ത്യയിലെ ആദ്യത്തെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസിംഗ്, ജനമൈത്രി പോലീസ് എന്നിവയോടൊപ്പമാണ് ഇന്ത്യയിലെ ആദ്യത്തെ ഐ എസ് ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായും നഗരം പോലീസ് സ്റ്റേഷൻ എന്നറിയപ്പെടുന്ന ടൗൺ സ്റ്റേഷൻ മാറിയിരിക്കുന്നത്.

കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് സ്റ്റേഷൻ മാതൃകയായിരുന്നു. കുട്ടികൾക്ക് കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസുകൾ എസ് എസ് എൽ സി തോറ്റവർക്കും സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞു പോയവർക്കുമായി ‘ഹോപ്പ് ‘ പദ്ധതിയിലൂടെ പരിശീലനം നൽകിയിരുന്നു. പരീക്ഷയെഴുതിയ 62 കുട്ടികളിൽ 58 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു. പോലീസിന്റെ ‘ചിരി’ പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു. 4800 ലധികം അതിഥി തൊഴിലാളികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അവരുടെ നാട്ടിലേക്ക് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ മടക്കി അയക്കുന്നതിലും തെരുവിൽ കഴിയുന്ന 700 ലധികം പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലും സ്റ്റേഷൻ അധികൃതർ മുഖ്യ പങ്ക് വഹിച്ചു.

കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷന് ഐ എസ് ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കുകയുണ്ടായി. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങിൽ ഐജി പി.അശോക് യാഥവ്, സിറ്റി പോലീസ് മേധാവി എ.വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഏറെ ചരിത്രം പറയാനുള്ള കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ മറ്റു സ്റ്റേഷനുകൾക്ക് മാതൃകയായിരിക്കുകയാണ്.

zamil: