X

ഫിഫ റാങ്കിങില്‍ ഇന്ത്യക്കു നേട്ടം

സൂറിച്ച്: എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ ബംഗളൂരു എഫ്.സി സ്ഥാനം പിടിച്ച് ചരിത്രം രചിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിന് മറ്റൊരു മികവിന്റെ വാര്‍ത്ത കൂടി.
ഫിഫ പുറത്തിറക്കിയ പുതിയ ഫുട്‌ബോള്‍ റാങ്കിങില്‍ നിലവിലെ സ്ഥാനത്തു നിന്നും 11 റാങ്കുകള്‍ കയറി ഇന്ത്യ 137ലെത്തി. 2010നു ശേഷം ഇന്ത്യയുടെ മികച്ച റാങ്കാണിത്. സെപ്തംബറില്‍ സൗഹൃദ മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കയെ തോല്‍പിച്ച ഇന്ത്യക്ക് പുതിയ റാങ്കിങില്‍ 230 പോയിന്റുകളാണുള്ളത്.

ഹോങ്കോങ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കു മുകളിലെത്താനും ഇന്ത്യക്കായിട്ടുണ്ട്. അതേ സമയം 1646 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി.  ഓരോ സ്ഥാനങ്ങള്‍ മുന്നില്‍ കയറി ജര്‍മ്മനി രണ്ടാമതും ബ്രസീല്‍ മൂന്നാം സ്ഥാനത്തുമെത്തി. അതേ സമയം ബെല്‍ജിയം രണ്ട് സ്ഥാനങ്ങള്‍ താഴേക്കു പോയി നാലാം റാങ്കിലേക്കു താണു. പുതിയ റാങ്കിങില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് മോണ്ടിനാഗ്രോയാണ്.
49 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മോണ്ടിനാഗ്രോ 56-ാം റാങ്കിലെത്തി. 49 സ്ഥാനങ്ങള്‍ ഇടിഞ്ഞു 139ലേക്കു മൂക്കു കുത്തി വീണ സൈപ്രസാണ് ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത്.

Web Desk: