X

ലോകകപ്പ് സെമിയില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം

അഡലെയ്ഡ്:ടോസ് കിട്ടിയാല്‍ രോഹിത് ശര്‍മ എന്ത് ചെയ്യും…? അഡലെയ്ഡ് ഓവലില്‍ ഇത് വരെ നടന്ന പതിനൊന്ന് ടി-20 മല്‍സരങ്ങളുടെ ചരിത്രത്തിലാണ് അദ്ദേഹത്തിന് വിശ്വാസമെങ്കില്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് ക്ഷണിക്കും. കാരണം ടോസ് കിട്ടി ബാറ്റിംഗ് തെരഞ്ഞെടുത്തവരെല്ലാം തോറ്റവരാണ് ഇവിടെ. പക്ഷേ മറുഭാഗത്ത് ഇംഗ്ലണ്ടാവുമ്പോള്‍ ചെറിയ ഭയവും രോഹിതിനുണ്ട്. അതിനാല്‍ ടോസ് കിട്ടാതാവട്ടേ എന്നാവാം ഇന്ത്യന്‍ നായകന്റെ മനസ് പറയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 1-30 നാണ് രണ്ടാം സെമി ഫൈനല്‍.

പാക്കിസ്താന്‍ കിവസിനെ തകര്‍ത്ത് അവസാന പോരാട്ടത്തിന് യോഗ്യത നേടിയതിനാല്‍ ക്രിക്കറ്റ് ലോകം കൊതിക്കുന്നത് ഇന്ത്യ-പാക് സ്വപ്‌ന ഫൈനലാണ്.ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ പതിവ് സന്തോഷം രോഹിതിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. അദ്ദേഹത്തിന് പരിശീലനത്തിനിടെ ചെറിയ പരുക്കേറ്റതാണോ കാരണം എന്നത് വ്യക്തമല്ല. പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. വിക്കറ്റിന് പിറകില്‍ ആരായിരിക്കും…? റിഷാഭ് പന്തോ അതോ ദിനേശ് കാര്‍ത്തിക്കോ…? ആ ചോദ്യത്തിന് ടീം ഇലവനായിട്ടില്ല എന്ന മറുപടി. ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗതമായി ഉയര്‍ന്ന സ്‌ക്കോര്‍ സമ്പാദിക്കാന്‍ നായകനായിട്ടില്ല. അഡലെയ്ഡ് ഓവലില്‍ ഇന്ന് അദ്ദേഹത്തിന്റെ ദിവസമായാല്‍ ഇന്ത്യക്ക് പേടിക്കാനില്ല. വിരാത് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരെല്ലാം നല്ല ഫോമിലാണ്. മുന്‍നിരക്കാര്‍ വലിയ സ്‌ക്കോര്‍ സമ്പാദിച്ചാല്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാനാവും. ബൗളിംഗില്‍ ഇന്ത്യ സ്ഥിരത പുലര്‍ത്തുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദിപ് സിംഗ്, ഹാര്‍ദിക് പേസ് സഖ്യങ്ങള്‍ നാലോവര്‍ വീതം ഭദ്രമായി പന്തെറിയുന്നുണ്ട്. സ്പിന്നറായി അശ്വിന്‍ തന്നെ വരും. അദ്ദേഹത്തിന്റെ ബാറ്റിംഗ് ടീമിന് കരുത്താണ്.

ജോസ് ബട്്‌ലര്‍ നയിക്കുന്ന ഇംഗ്ലീഷ് സംഘത്തില്‍ കിടിലന്‍ ബാറ്റര്‍മാരായി മോയിന്‍ അലി, അലക്‌സ് ഹെയില്‍സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയവരുണ്ട്. ഇന്ത്യക്കെതിരെ മികവ് പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. ബൗളിംഗില്‍ പക്ഷേ സാം കറനാണ് ഇംഗ്ലീഷ് ആയുധം. അതിവേഗക്കാര്‍ ടീമില്‍ ഇല്ല. ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോഗ്‌സ്, സാം കറന്‍ എന്നീ ഓള്‍റൗണ്ടര്‍മരെ പക്ഷേ സൂക്ഷിക്കണം.

Test User: