X
    Categories: Culture

ഇന്ത്യ 455, ഇംഗ്ലണ്ട് അഞ്ചിന് 103; രണ്ടാം ടെസ്റ്റ് ഇന്ത്യയുടെ പിടിയില്‍

അര്‍ധസെഞ്ച്വറി നേടിയ ആര്‍. അശ്വിന്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി ഇന്ത്യയുടെ വരുതിയില്‍. ഒന്നാം ഇന്നിങ്‌സില്‍ 455 റണ്‍സ് നേടിയ ഇന്ത്യ 103 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സ്റ്റംപെടുക്കുമ്പോള്‍ ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് ക്രീസില്‍.

ഒന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 317 എന്ന നിലയിലായിരുന്ന ഇന്ത്യക്ക് 138 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. 151 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്ടന്‍ വിരാട് കോഹ്ലി 167 റണ്‍സിനു പുറത്തായപ്പോള്‍ അശ്വിന്റെ (58) അര്‍ധശതകമായിരുന്നു രണ്ടാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സിലെ സവിശേഷത. അരങ്ങേറ്റ താരം ജയന്ത് യാദവ് 35 റണ്‍സ് നേടി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓപണര്‍ അലിസ്റ്റര്‍ കുക്കിനെ (2) വളരെ വേഗം നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തില്‍ കുക്കിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഹസീബ് ഹമീദും (13) ജോ റൂട്ടും (35 നോട്ടൗട്ട്) രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അനാവശ്യ റണ്ണിനു വേണ്ടി ഓടി ഹസീബ് റണ്ണൗട്ടാവുകയായിരുന്നു. പിന്നീട് ബെന്‍ ഡക്കറ്റിനെ (5) അശ്വിനും മുഈന്‍ അലിയെ (1) ജയന്ത് യാദവും പുറത്താക്കി. ജയന്ത് യാദവിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

ഒരറ്റത്ത് ഉറച്ചുനിന്ന് അര്‍ധസെഞ്ച്വറി (53) നേടിയ ജോ റൂട്ടിനെ അശ്വിന്‍ മടക്കിയതോടെ മുന്‍തൂക്കം ഇന്ത്യക്കായി.

അഞ്ചുവിക്കറ്റ് കൈയിലിരിക്കെ 352 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കാന്‍ 153 റണ്‍സ് കൂടി വേണം.

chandrika: