ബെംഗളൂരു: വോട്ടര്‍ ഐ.ഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അഭിപ്രായം പൂര്‍ണമായും വ്യക്തിപരമാണെന്നും ഐ.ടി മന്ത്രിയെന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലും അവര്‍ കാണുന്ന സിനിമകളിലും പ്രധാനമന്ത്രി ഇടപെടുകയാണെന്ന് നമ്മുടെ ശത്രുക്കള്‍ പറയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ സുതാര്യമാക്കാന്‍ ഇത് സഹായിക്കും. നരേന്ദ്ര മോദിയുടേയും മന്‍മോഹന്‍ സിങിന്റേയും ആധാര്‍ പദ്ധതികള്‍ തമ്മില്‍ വ്യത്യാസമുണ്ട്. മന്‍മോഹന്‍ സിങിന്റെ ആധാറിന് നിയമത്തിന്റെ പിന്തുണയില്ലായിരുന്നു. എന്നാല്‍ മോദിയുടെ ആധാറിന് നിയമപരിരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.