X

ആദ്യ ട്വന്റി 20യില്‍ വിന്‍ഡീസിനെ തകര്‍ത്ത് വിട്ട് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ആറ് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി-ട്വന്റി പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. നിക്കോളാസ് പുരാനാണ് വിന്‍ഡീസീന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ 61 റണ്‍സാണ് പൂരാന്‍ നേടിയത്. 31 റണ്‍സുമായി കൈല്‍ മായറും 24 റണ്‍സുമായി കെയ്‌റന്‍ പൊളാര്‍ഡും ടീമിന് പിന്തുണ നല്‍കി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറില്‍ നിന്ന് 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി ബിഷ്‌ണോയ് തിളങ്ങി. ഹര്‍ഷല്‍ പട്ടേല്‍ രണ്ടും ദീപക്ക് ചഹാര്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ നായകന്‍ രോഹിത് ശര്‍മയും ഇഷാനും കിഷാനും മുന്നില്‍ നിന്ന് നയിച്ചു. ഇരുവരും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. 19 പന്തില്‍ 40 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.ഇഷാനും കിഷാന്‍ 35 റണ്‍സും നേടി. മുന്‍ നായകന്‍ വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 13 പന്തില്‍ നിന്ന് 17 റണ്‍സാണ് താരം നേടിയത്. ഫാബിയന്‍ അലനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് കോലിയുടെ പുറത്തായത്. റിഷഭ് പന്തിനും തിളങ്ങാനായില്ല.

34 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 24 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരുമാണ് മത്സരം ഫിനിഷ് ചെയ്തത്. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ നേടി. ഫാബിയന്‍ അലനും ഷെല്‍ഡണ്‍ കോട്രലും ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ചയാണ്. 7 മണിക്കാണ്  ആരംഭിക്കുക.

Test User: