മാഡ്രിഡ്: അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ദീപക് തഗ്രി, അന്‍വര്‍ അലി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെ വലകുലുക്കിയത്. 54-ാം മിനിറ്റില്‍ അനികേത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായി കളിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ നേടി. അര്‍ജന്റീന ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്ക് ദീപ്ക തഗ്രി പോസ്റ്റിലേക്ക് ഹെഡ് ചെയ്തിട്ടു. ഗോള്‍ കീപ്പര്‍ക്ക് അനായാസം പിടിക്കാമായിരുന്ന പന്ത് കീപ്പറുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നിറങ്ങി ഗോള്‍വര കടക്കുകയായിരുന്നു.
രണ്ടാംപകുതിയിലും ഇന്ത്യ തകര്‍ത്തു കളിച്ചു. 54-ാം മിനിറ്റില്‍ അനികേത് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരിലേക്ക് ചുരുങ്ങിയെങ്കിലും ഇന്ത്യ തളര്‍ന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കകം ഇന്ത്യയുടെ രണ്ടാംഗോള്‍ പിറന്നു. അന്‍വര്‍ അലിയുടെ മനോഹരമായ ഫ്രീകിക്ക് ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് അന്‍വര്‍ എടുത്ത വലങ്കാലന്‍ കിക്ക് പോസ്റ്റിലിടിച്ച് ഗോള്‍വര കടന്നു. 72-ാം മിനിറ്റില്‍ അര്‍ജന്റീന ഒരുഗോള്‍ മടക്കിയെങ്കിലും അവസാനം വരെ ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി പൊരുതിയ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി.
അര്‍ജന്‍ീന ദേശീയ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായ ലിയോണല്‍ സ്‌കലോനിയാണ് അവരുടെ യൂത്ത് ടീമിന്റെ പരിശീലകന്‍. സഹായിയായി മുന്‍ ദേശീയ താരം പാബ്ലോ ഐമറും. മറഡോണയുടേയും മെസ്സിയുടേയും പിന്‍മുറക്കാരെയാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന് എക്കാലവും ഓര്‍മിക്കാവുന്ന ചരിത്രമാണ് പിറന്നിരിക്കുന്നത്.