X

ഒടുവില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ എത്തുന്നു; ഇന്ത്യയില്‍ ഫെബ്രുവരിയിലെത്തും

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ വാക്‌സിന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. അടുത്തവര്‍ഷം ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഡോസ് കുത്തിവയ്ക്കുക. ഏപ്രിലോടെ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാകും. രണ്ട് ഡോസ് മരുന്നിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാലയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2024ഓടെ എല്ലാ ഇന്ത്യയ്ക്കാര്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഗവണ്‍മെന്റിന് ഡോസ് ഒന്നിന് 3-4 ഡോളര്‍ നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ കഴിയും. കാരണം രാജ്യത്തേക്ക് വലിയ അളവില്‍ വാക്‌സിന്‍ വേണ്ടതുണ്ട്. മറ്റു വാക്‌സിനുകളേക്കാള്‍ ചെറിയ വിലയിലാണ് ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയിലെത്തുക എന്നും അദ്ദേഹം വിശദീകരിച്ചു.

വാക്‌സിന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം തള്ളി. നമുക്ക് കാത്തിരുന്നു കാണേണ്ടി വരും. ഒന്നര മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലം വരും. അതേസമയം, യുകെ സര്‍ക്കാറും യൂറോപ്യന്‍ മെഡിസിന്‍ ഇവാല്വേഷന്‍ ഏജന്‍സിയും വാക്‌സിന്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Test User: