X
    Categories: indiaNews

വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുപയോഗിച്ച് ചെറുത്തു തോല്‍പിച്ചെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ വെട്ടുകിളി ആക്രമണത്തെ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് ചെറുത്ത് തോല്‍പിക്കാന്‍ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് വെട്ടുകിളി ആക്രമണത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മോദി വാചാലനായത്. വലിയ വിജയമാണ് ഇക്കാര്യത്തില്‍ നമ്മള്‍ നേടിയത്. വെട്ടുകിളികളുടെ ആക്രമണത്തില്‍ നിന്നും നമ്മുടെ കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് അടക്കം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷമായിരുന്നു. അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന വെട്ടുകിളികളെ സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെ നേരിടാന്‍ സാധിക്കുമായിരുന്നില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് ശാസ്ത്രീയമായ രീതിയിലാണ്. വലിയ വിജയമാണ് ഇക്കാര്യത്തില്‍ നാം നേടിയത്. കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

വെട്ടുകിളി ആക്രമണത്തിൻ്റെ സൂചനകൾ ലഭിക്കുന്നതിന് മുൻപ് തന്നെ വിവിധ സംസ്ഥാനങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്ന് സാഹചര്യങ്ങൾ വീക്ഷിച്ചു.  പ്രത്യേകം രൂപകൽപന ചെയ്‌ത സ്‌പ്രേ മിഷീനുകൾ വിതരണം ചെയ്‌തായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. ഉയരമുള്ള മരങ്ങളും ചെടികളും സംരക്ഷിക്കാൻ ഡ്രോണുകളും ഹെലികോപ്‌റ്ററുകളും ഉപയോഗിച്ചെന്നും, മോദി വ്യക്തമാക്കി.

chandrika: