ന്യൂഡൽഹി: അതിർത്തിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ധാരണയായില്ലെന്നാണ് ആദ്യമണിക്കുറുകളില്‍ ലഭിക്കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിക് (റഷ്യ-ഇന്ത്യ-ചൈന) സഖ്യത്തിന്റെ യോഗത്തിനായാണ് ഇരുവരും റഷ്യയിലെത്തിയത്. യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ആതിഥേയത്വം വഹിച്ചത്. അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ മെയ് മാസത്തിനു ശേഷം ചേരുന്ന ആർഐസിയുടെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത്തെ യോഗമാണിത്.
അതിര്‍ത്തിയില്‍ സമാധാനം പുലരാനുള്ള നടപടി വേണമെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ശക്തമായി ഉന്നയിച്ചു. റഷ്യ മുന്‍ കൈയെടുത്ത് ഇന്ത്യ-റഷ്യ-ചൈന സംയുക്ത യോഗവും നടത്തിയിരുന്നു. നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ-ചൈന ചര്‍ച്ച തുടങ്ങിയത്. തിങ്കളാഴ്ച്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നത്.
“സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന നയതന്ത്ര, സൈനിക മാർഗങ്ങൾ വഴി ബന്ധപ്പെടുന്നുണ്ട്, പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത് ഈയോരു ധാരണയിലാണ്. വിദേശകാര്യമന്ത്രി ഉടൻ ചൈനീസ് വിദേശകാര്യമന്ത്രിയെ സന്ദർശിക്കും. സമാധാനപരമായ ചർച്ചകളിലൂടെ അതിർത്തി സ്ഥിതി പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ യോഗത്തിന് മുമ്പ് പറഞ്ഞു.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ജൂൺ 23 നാണ് ജയ്‌ശങ്കറും വാങും അവസാനമായി വീഡിയോ കോൺഫറൻസ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ ഏറ്റുമുട്ടലിലുണ്ടായി 20 ഇന്ത്യൻ കരസേനാംഗങ്ങളും വ്യക്തമല്ലാത്ത ചൈനീസ് സൈനികരും കൊല്ലപ്പെട്ട സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂൺ 17 ന് അവർ ഫോണിലും സംസാരിച്ചിരുന്നു.