X
    Categories: indiaNews

അതിര്‍ത്തി ലംഘിച്ച യാക്കുകളെ ചൈനക്ക് തിരികെ നല്‍കി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം പുകയുന്നതിനിടെ അതിര്‍ത്തി ലംഘിച്ച ഒരു കൂട്ടം യാക്കുകളെ തിരികെ നല്‍കി ഇന്ത്യന്‍ സേന. അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കമേംഗില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടന്നെത്തിയ യാക്കിന്റെ കൂട്ടത്തെയാണ് ഇന്ത്യന്‍ സേന ചൈനീസ് അധികൃതര്‍ക്ക് കൈമാറിയത്. 13 യാക്കുകളും 4 കുഞ്ഞുങ്ങളുമടങ്ങുന്ന കൂട്ടമാണ് ഓഗസ്റ്റ് 31 അതിര്‍ത്തി കടന്നെത്തിയത്.

ഇവയെയാണ് ചൈനീസ് അധികൃതരുമായി സംസാരിച്ച ശേഷം തിങ്കളാഴ്ച തിരിച്ച് അയച്ചത്. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. അതിര്‍ത്തിയില്‍ വച്ച് ചൈനീസ് അധികൃതര്‍ യാക്കിന്‍ കൂട്ടത്തെ ഏറ്റുവാങ്ങി. അതേസമയം അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന അഞ്ച് യുവാക്കളേക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇന്ത്യന്‍ സൈന്യം അടിയന്തര സന്ദേശം ചൈനീസ് സൈന്യത്തിന് അയച്ചിട്ടുണ്ട്. മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തത്. നായാട്ടിനിടെ അഞ്ച് യുവാക്കളെ യഥാര്‍ത്ഥ നിയന്ത്രണ രേഖത്ത് സമീപത്തുനിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് എംഎല്‍എയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. മെയ് മാസം മുതല്‍ ചൈനീസ് പട്ടാളത്തിന്റെ തുടര്‍ച്ചയായ പ്രകോപനമാണ് കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സേന നേരിടുന്നത്.

web desk 1: