അതിര്‍ത്തി പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന കൂടിക്കാഴ്ച നടന്നു. ബീജിങ്ങിലാണ് ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ച നടന്നത്. യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍എസി)യിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് ചര്‍ച്ച. അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.
ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യാ ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ നയിച്ചത് ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക് അഫയേഴ്‌സ് വകുപ്പിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. 2019 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കുന്ന കൂടിക്കാഴ്ച നടക്കുന്നത്.