X
    Categories: indiaNews

1962 ല്‍ ഹിന്ദി ഗാനം, ഇപ്പോള്‍ പഞ്ചാബി; വീണ്ടും ‘പാട്ട് കേള്‍പ്പിക്കല്‍ തന്ത്രം’ പുറത്തെടുത്ത് ചൈന

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സേനയുടെ ഭാഗത്ത് നിന്ന് നിരന്തരമുണ്ടാവുകയാണ്. ഇതിന്റെ അവസാനത്തേതായി പുറത്തുവന്നത് പഞ്ചാബി ഗാനങ്ങള്‍ ലൗഡ് സ്പീക്കര്‍ വെച്ച് കേള്‍പ്പിച്ച സംഭവമാണ്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ കരയില്‍ ഫിംഗര്‍ നാലിലാണ് ലൗഡ്‌സ്പീക്കറുകള്‍ സ്ഥാപിച്ച് ചൈനീസ് സേന പഞ്ചാബി ഗാനങ്ങള്‍ കേള്‍പ്പിച്ചത്.

ചൈനീസ് അധിനിവേശത്തെ ചെറുത്ത് ഓഗസ്റ്റ് 29,30 തീയതികളില്‍ ഇന്ത്യയുടെ സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് (എസ്എഫ്എഫ്) കയ്യടക്കിയ പ്രദേശമാണ് ഫിംഗര്‍ 4. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ പ്രകോപിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍പും ഇത്തരത്തിലുള്ള ‘പാട്ട് കേള്‍പ്പിക്കല്‍ തന്ത്രം’ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. 1962ല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ചൈനീസ് സൈന്യം ഇതേ രീതിയില്‍ ബോളിവുഡ്ഹിന്ദി പാട്ടുകള്‍ വെച്ചിരുന്നു. ഇന്ത്യന്‍ ഭാഷ തങ്ങള്‍ക്ക് അറിയാം എന്ന സൂചന നല്‍കിയാണ് അന്ന് അത്തരത്തില്‍ പാട്ടുകള്‍ വെച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും തങ്ങള്‍ അറിയുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് ഈ പാട്ട് പരിപാടിയെന്നും സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

45 വര്‍ഷം ഒരു വെടിയൊച്ചപോലും കേള്‍ക്കാതിരുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് വെടിവെയ്പ്പ് നടന്നത്. പാംഗോങ് തടാകത്തിലെ തെക്കന്‍ തീരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് നീക്കത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിച്ചപ്പോഴാണ് ആദ്യ വെടിവെയ്പ്പുണ്ടായത്. സെപ്റ്റംബര്‍ ഏഴിന് മുഖ്പാരിയിലാണ് ഇരു സൈന്യവും തമ്മില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി എട്ടാം തീയതി പാംങോങ് തടാകത്തിന്റെ വടക്കന്‍ തീരത്തിലും വെടിവെയ്പ്പുണ്ടായി.

കമാന്റര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം, നടപടികളുടെ വേഗം കുറച്ചിരിക്കുകയാണ്.

 

Test User: