മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ‘ഇന്ത്യ’ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ത്യയെന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലും ഇല്ലാത്തതാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചത്. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ്. സമാധാനമാണ് സംസ്ഥാനത്ത് എപ്പോഴും പുലരേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിരുന്നു. മണിപ്പൂരില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം ഹൃദയം തകര്‍ക്കുന്നതാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സ്ത്രീകള്‍ക്കെതിരായ ഈ ഭയാനകമായ അതിക്രമത്തെ എത്ര അപലപിച്ചാലും മതിയാകില്ല. . സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.