ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസും ബി.ജെ.പിയും. ഈമാസം 12 നടക്കുന്ന വോട്ടെടുപ്പില്‍ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.ഭരണ വിരുദ്ധ വികാരം വലിയ രീതിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുള്ള സംസ്ഥാനത്ത് വലിയ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്നലെ ഉനയില്‍ നടന്ന റാലിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് പ്രിയങ്ക ഗാന്ധി നടത്തിയത്. തൊഴിലില്ലായ്മ രൂക്ഷമായിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ് സര്‍ക്കാരുകളെ താരതമ്യം ചെയ്ത പ്രിയങ്ക ഇവിടങ്ങളില്‍ തൊഴിലില്ലായ്മ കുറഞ്ഞ നിരക്കിലാണെന്നും ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി. രാജസ്ഥാനില്‍ ഒന്നര ലക്ഷം പേര്‍ക്കും. ഹിമാചലില്‍ 63,000 ഒഴിവുകളാണ് നികത്താനുള്ളത്. എന്നാല്‍ ഇവിടുത്തെ സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ചു. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‌നങ്ങളോട് ബി.ജെ.പി മുഖം തിരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് അവരുടെ ശ്രമം. ഇത് തിരിച്ചറിയണം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. സംസ്ഥാനത്തെ 68 സീറ്റുകളില്‍ 44ഉം നേടിയാണ് 2017ല്‍ ബി.ജെ.പി. അധികാരമേറ്റത്. കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചു. മുപ്പതിലേറെ സീറ്റുകളില്‍ അയ്യായിരത്തില്‍ താഴെയായിരുന്നു ബി.ജെ.പി ഭൂരിപക്ഷം. അതിനാല്‍ സര്‍ക്കാരിനോടുള്ള ചെറിയൊരു വികാരം പോലും സീറ്റുകള്‍ മാറ്റി മറിച്ചേക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഫലപ്രഖ്യാപനം ഡിസംബര്‍ എട്ടിനാണ്. അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയും പ്രചാരണത്തില്‍ സജീവമാണ്.
സ്വന്തം സംസ്ഥാനത്ത് തുടര്‍ഭരണത്തിനായി തീവ്ര ശ്രമത്തിലാണ് നദ്ദ. രാംപൂര്‍ ഉള്‍പ്പെടെ മൂന്ന് ഇടങ്ങളിലാണ് അദ്ദേഹം ഇന്നലെ പ്രചാരണം നടത്തിയത്. വിമതപ്രശ്‌നമാണ് ബി.ജെ.പിയെ കുഴക്കുന്നത്്. 20 മണ്ഡലങ്ങളിലാണ് ബി. ജെ.പി വിമതര്‍ രംഗത്തുള്ളത്. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അഞ്ച് വിമതരും സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്. സാന്നിധ്യമറിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും 11 മണ്ഡലങ്ങളില്‍ സി.പി.എമ്മും രംഗത്തുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല.