ന്യൂഡല്‍ഹി: എസ്.സി/എസ്.ടി പീഡനനിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന്റെ ഭാഗമായി സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. ബീഹാറിലും ഒഡീഷ്യയിലുമാണ് ട്രെയിനുകള്‍ തടഞ്ഞത്. പഞ്ചാബില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും എസ്.എം.എസും ഒരു ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.
എസ്.സി/എസ്.ടി പീഡനനിയമം ദുരപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും കേസില്‍ കുടുക്കി ഉടന്‍ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കോണ്‍ഗ്രസ്, ഭാരിപ് ബഹുജന്‍ മഹാസംഘ്, ജനതാ ദള്‍, സി.പി.ഐ, വിവിധ ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയ സേവാ ദള്‍, ജാതി ആന്ദ് സംഘര്‍ഷ് സമിതി, സംവിധാന്‍ സംവര്‍ധന്‍ സമിതി, നാഷണല്‍ ദളിത് മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.