ധാക്ക: ഏഷ്യന്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍സ് ഹോക്കി കിരീടവും ഇന്ത്യക്ക്. ധാക്കയില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 5-4ന് പരാജയപ്പെടുത്തുകയായിരുന്നു. മത്സരം തീരാന്‍ മൂന്നു നിമിഷം ബാക്കി നില്‍ക്കേ അഭിഷേകിന്‍രെ അവസരവാദ ഗോളിലാണ് ഇന്ത്യ കളി ജയിച്ചത്. ധാക്കയിലും ഇന്ത്യ; കൗമാരക്കാരും ജേതാക്കള്‍
പതിനാറു വര്‍ഷം മുമ്പ് ബല്‍ജിത് സിങ് ധില്ലണ്‍ ഇതേ പുല്‍ത്തകിടിയില്‍ പ്രൈം മിനിസ്റ്റര്‍ കപ്പില്‍ ഇന്ത്യക്ക് കിരീട വിജയം സമ്മാനിച്ചിരുന്നു.
പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ബംഗ്ലാദേശാണ് ലീഡെടുത്തത്. 22-ാം മിനുട്ടില്‍ ശിവന്‍ ആനന്ദ് ഇന്ത്യക്ക് സമനില നല്‍കി.
ബംഗ്ലാദേശ് ഗോളടിച്ച് ഒരു മിനുട്ടിനുള്ളിലായിരുന്നു മറുപടി. മത്സരം പാതി പിന്നിടുമ്പോള്‍ മുഹ്‌സിനിലൂടെ ബംഗ്ലാദേശ് മുന്നില്‍ കയറി. ഹര്‍ദിക്ക് ഇന്ത്യയെ ഒപ്പമെത്തിച്ചു. 50-ാം മിനുട്ടില്‍ ദിലീപ് സിങിന്റെ അത്‌ലറ്റിസിസം ഇന്ത്യക്ക് മത്സരത്തിലാദ്യമായി ലീഡ് നല്‍കി (2-3). പക്ഷേ, ബംഗ്ലാ ഹീറോ അശ്‌റഫുല്‍ ആതിഥേയര്‍ക്ക് സമനില വാങ്ങിക്കൊടുത്തു.
ഇബുങ്കോയിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തിയെങ്കിലും രണ്ടു മിനുട്ടിനകം ബംഗ്ലാദേശ് മറുപടിയെത്തി. ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമ്പോഴായിരുന്നു അഭിഷേകിന്റെ വിജയ ഗോള്‍. ഇന്ത്യയുടെ പങ്കജാണ് ടൂര്‍ണമെന്റിലെ മികച്ച ഗോളി. ബംഗ്ലാദേശിന്റെ റോമന്‍ സര്‍ക്കാറാണ് ടൂര്‍ണമെന്റിന്റെ താരം.