X

അഫ്ഗാനെതിരെ ഉശിരു കാണിച്ച് ഇന്ത്യ; തകര്‍പ്പന്‍ ജയം

കഴിഞ്ഞ രണ്ടു കളികളില്‍ കണ്ട ഇന്ത്യയേ ആയിരുന്നില്ല അഫ്ഗാനിസ്താനെതിരെ കളിച്ചപ്പോഴുള്ള ഇന്ത്യ. ബാറ്റെടുത്ത നാലുപേരും വെളിച്ചപ്പാടായ മത്സരത്തില്‍ ഇന്ത്യ 210 റണ്‍സ് അടിച്ചുകൂട്ടി. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതിനിടയില്‍ നഷ്ടപ്പെട്ടത് രണ്ടുവിക്കറ്റ്.

47 പന്തില്‍ മൂന്ന് സിക്‌സും എട്ടു ഫോറുമടക്കം 74 റണ്‍സെടുത്ത രോഹിത് ശര്‍മയും 48 പന്തില്‍ രണ്ട് സിക്‌സും നാലു ഫോറും സഹിതം 69 റണ്‍സെടുത്ത കെഎല്‍ രാഹുലുമാണ് പുറത്തുപോയത്. പിന്നാലെ വന്ന റിശഭ് പന്ത് മൂന്ന് സിക്‌സ് ഉള്‍പെടെ 27 റണ്‍സും ഹര്‍ദിക് പാണ്ഡ്യ രണ്ട് സിക്‌സും നാലു ഫോറുമായി 35 റണ്‍സുമെടുത്തു. ഇതോടെ 20 ഓവര്‍ തീര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 210ല്‍ രണ്ട് വിക്കറ്റ്. നായിബും ജനറ്റുമാണ് അഫ്ഗാനിസ്താനു വേണ്ടി വിക്കറ്റുകള്‍ പിഴുതത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിരക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ഏഴു വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ അഫ്ഗാന്റെ കളി അവസാനിച്ചു. കളിയുടെ അവസാന ഓവറുകളില്‍ കരീം ജന്നതിന്റെ ചില തകര്‍പ്പനടികളാണ് അഫ്ഗാന്‍ സ്‌കോര്‍ നൂറ് കടത്തിയത്. 22 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പെടെ 42 റണ്‍സ് ജന്നത് അടിച്ചു കൂട്ടി. ഇന്ത്യയുടെ ഒരു വിക്കറ്റ് പിഴുതതും ജന്നതാണ്. മുഹമ്മദ് നബി 35 റണ്‍സുമെടുത്തു.

ഇന്ത്യന്‍ നിരയില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍ രണ്ടും ബുംറയും ജഡേജയും ഓരോ വിക്കറ്റുകളും നേടി.

web desk 1: