സ്പിന്നർമാർ കളം നിറഞ്ഞ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.
ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണ് വീഴ്ത്തിയത്. സ്കോർ: ഇംഗ്ലണ്ട് – 353 & 145, ഇന്ത്യ – 307 & 5ന് 192. പരമ്പരയിലെ അവസാന മത്സരം മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.
നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 37 റൺസെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജയിംസ് ആൻഡേഴ്സന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ടെസ്റ്റ് കരിയറിലെ 17–ാം അർധ സെഞ്ചറി കണ്ടെത്തിയ നായകൻ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപിങിലൂടെ പുറത്താക്കി. 81 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.
പിന്നീട് ശുഭ്മന്‍ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. ഗിൽ (52*) അർധ സെഞ്ചറി നേടിയപ്പോൾ ജുറേൽ 39 റൺസു സ്വന്തമാക്കി. ഇംഗ്ലണ്ടിനു വേണ്ടി ശുഐബ് ബഷീർ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്‌ലിയും ഓരോ വിക്കറ്റു വീതം നേടി.
കഴിഞ്ഞ ദിവസം വിണ്ടുകീറിയ റാഞ്ചിയിലെ പിച്ചിൽ, കുത്തിത്തിരിയുന്ന പന്തുകളുമായി അശ്വിനും (5 വിക്കറ്റ്) കുൽദീപ് യാദവും (4 വിക്കറ്റ്) ആഞ്ഞടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര നിലംപൊത്തി. വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ പ്രതിരോധ ബാറ്റിങ് മികവിൽ (90) ഒന്നാം ഇന്നിങ്സിൽ 307 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 145 റൺസിന് ഓൾഔട്ടാക്കി കളി തിരിച്ചുപിടിക്കുകയായിരുന്നു.