ഏഷ്യയില്‍ രാജാക്കന്മാരായി ഇന്ത്യ മാത്രം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചൈനയെ 1-0ന് പരാജയപ്പെടുത്തി ഇന്ത്യന്‍ ഹോക്കി ടീം അഞ്ചാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. രണ്ടു ടീമുകളും ലീഡ് നേടാന്‍ പാടുപെടുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
മല്‍സരത്തിന്റെ നാലാം പാദത്തില്‍ ജുഗ്രാജ് സിംഗിന്റെ ഗോളാണ് കളിയുടെ വിധി എഴുതിയത്. 50 മിനിറ്റ് നീണ്ട മല്‍സരത്തിന് ശേഷം, അഭിഷേക് നിര്‍ണായകമായ നീക്കം നടത്തുന്നു. പന്ത് വലയിലേക്ക് എത്തിച്ച് ജുഗ്രാജ് ഇന്ത്യക്ക് നിര്‍ണായക ലീഡ് നല്‍കി. അതോടെ മല്‍സരം 1-0 ന് ഇന്ത്യയുടെ കൈപ്പിടിയില്‍.
ജയത്തോടെ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ കിരീടം നിലനിര്‍ത്തി. ഇപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യക്കൊപ്പമാണ്.