ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തില്‍ പ്രതിഷേധിച്ച് ഒക്ടോബറര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുന്നതായി ആരോപിച്ചാണ് ഗ്വാളിയാറില്‍ ട്വന്റി-20 മത്സരം നടക്കുന്ന ദിവസം ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഒന്നാം ടെസ്റ്റ് നടന്ന ചെന്നൈയിലെ ചൊപ്പോക്ക് സ്റ്റേഡിയത്തിനു മുന്നിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ഗ്വാളിയില്‍ ഒക്ടോബര്‍ ആറിന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 മത്സരത്തെ ഹിന്ദു മഹാസഭ എതിര്‍ക്കുന്നതായി ദേശീയ വൈസ് പ്രസിഡന്റ് ജെയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. ബംഗ്ലാദേശില്‍ ഇപ്പോഴും ഹിന്ദുക്കള്‍ക്കെതിരെ അതിക്രമം നടക്കുകയാണെന്നും ബംഗ്ലാദേശിനൊപ്പം ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യ സേവനങ്ങള്‍ തടയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നിര്‍ത്തിവെക്കണമെന്ന് ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് രത്തന്‍ ശാരദ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബി.സി.സി.ഐ സെക്രട്ടറി. രണ്ടു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈമാസം 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കാണ്‍പൂരിലാണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്.
ബംഗ്ലാദേശിനെതിരെ പരമ്പര കളിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തിലും കേന്ദ്രം അനുമതി നല്‍കിയതിലും ഒരു വിഭാഗം ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാവിന്റെ മകന്‍ ബി.സി.സി.ഐ തലപ്പത്തുള്ളതിനാല്‍ പലരും പരസ്യമായ വിമര്‍ശനം ഉന്നയിക്കാന്‍ മടിക്കുകയാണ്.