ബ്രിഡ്ജ്സ്റ്റണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ടിക്കറ്റ് ഉറപ്പിച്ചു. ബംഗ്ലാദേശിനെതിരെ 28 റണ്‍സിന് വിജയിച്ചതോടെയാണ് ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലില്‍ ഇന്ത്യ ഇടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി (90 പന്തില്‍ 104) കരുത്തില്‍ 314 റണ്‍സെടുത്തു. മറുപടിയായി ബംഗ്ലാദേശ് രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ 286 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
91 പന്തില്‍ 77 റണ്‍സെടുത്ത കെ.എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സാണ് അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയാണ് കളിയിലെ താരം. ലോകകപ്പിലെ ഇന്ത്യയുടെ റെക്കോര്‍ഡാണിത്. റിഷഭ് പന്ത് 48ഉം വിക്കറ്റ് കീപ്പര്‍ ധോനി 35ഉം റണ്‍സുകള്‍ നേടി. ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുര്‍റഹ്മാന്‍ 10 ഓവറില്‍ 59 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തരക്കേടില്ലാത്ത പ്രകടനമാണ് തുടക്കത്തില്‍ കാഴ്ച വെച്ചത്. ഇടവേളകളില്‍ വിക്കറ്റു വീണു കൊണ്ടിരുന്നെങ്കിലും റണ്‍ നിരക്ക് താഴാതെ സൂക്ഷിച്ചു. 74 പന്തില്‍ 66 റണ്‍സെടുത്ത ഷാക്കിബാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. സൈഫുദ്ദിന്‍ 50ഉം ഷാബിര്‍ 36ഉം റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ നാലും ഹര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റുകള്‍ നേടി. ശനിയാഴ്ച ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.