ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ചരിത്രവിജയം. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.
43 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ വിജയശില്‍പി. സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നെയിം (26) എന്നിവരുടെ പ്രകടനവും നിര്‍ണായകമായിരുന്നു. മഹ്മുദുള്ള (7 പന്തില്‍ 15) പുറത്താവാതെ നിന്നു. ഇവര്‍ക്ക് പുറമെ ലിറ്റണ്‍ ദാസി (7)നാണ് വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നരത്തെ, അമിനുള്‍ ഇസ്ലാം ഷഫിയുള്‍ ഇസ്ലാം എന്നിവരുെട രണ്ട് വിക്കറ്റ് പ്രകടനമങ്ങളാണ് ഇന്ത്യയെ നിയന്ത്രിച്ച് നില്‍ത്തിയത്. ധവാന് പുറമെ, രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27), ശിവം ദുബെ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമായത്. രണ്ട് ബൗണ്ടറികളോടെ മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ താല്‍കാലിക ക്യാപ്റ്റനായില്ല.
ആദ്യ ഓവര്‍ എറിയാനെത്തിയ ഷഫിയുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ക്യാപ്റ്റന്‍. രാഹുല്‍, അമിനുല്‍ ഇസ്ലാമിന്റെ പന്തില്‍ മഹ്മുദുള്ളയ്ക്ക് ക്യാച്ച് നല്‍കി. ശ്രേയസിനും മികച്ച തുടക്കം ലഭിച്ചെങ്കിലും ഇസ്ലാമിന് വിക്കറ്റ് നല്‍കി. രണ്ട് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്. ഒരിക്കലും അക്രമിച്ച് കളിക്കാന്‍ ശ്രമിക്കാതിരുന്ന ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു.
തപ്പിത്തടഞ്ഞ പന്ത് ഷഫിയുള്‍ ഇസ്ലാമിന് വിക്കറ്റ് നല്‍കി. ക്രുനാല്‍ പാണ്ഡ്യ (15), വാഷിംഗ്ടണ്‍ സുന്ദര്‍ (14) എന്നിവര്‍ പുറത്താവാതെ നിന്നു. അഫിഫിന് ഒരു വിക്കറ്റുണ്ട്. മലയാളിതാരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ ടി20 അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് നെയിം ബംഗ്ലാദേശിനായി ആദ്യ മത്സരത്തിനിറങ്ങി.