മനാമ: നിയന്ത്രിത വിമാന സര്‍വീസിന് (എയര്‍ ബബിളിന്) ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ധാരണയായി. ഇതുപ്രകാരം എയര്‍ ഇന്ത്യയും ഗള്‍ഫ് എയറും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തും. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് എയര്‍ബബിള്‍ ആശ്വാസമാകും. ഇനി ബഹ്‌റൈനിലേക്ക് തിരിച്ച് വരാന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കേണ്ട ആവശ്യമില്ല. രണ്ടു വിമാന കമ്പനികളുടെയും വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും മാത്രമാണ് ഇരു രാജ്യങ്ങളുടെയും മുന്‍കൂര്‍ അനുമതിയോടെ ഇന്ത്യയില്‍ നിന്ന് യാത്രക്കാരെ കൊണ്ടു വരാന്‍ അനുമതിയുണ്ടായിരുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ സന്ദര്‍ശക വിസക്കാരെ കയറ്റിയിരുന്നുമില്ല. കാലാവധി തീരാത്ത ഏത് വിസക്കാര്‍ക്കും ഇനി വിമാനത്തില്‍ കയറാനാകും. സന്ദര്‍ശക വിസക്കാര്‍ക്ക് മടക്ക ടിക്കറ്റ് വേണമെന്ന നിബന്ധന ഈ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ബാധകമാണ്.
ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെക്ക് യാത്ര ചെയ്യുന്നതിനും ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട. ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ കൊവിഡ് ടെസ്റ്റിനുള്ള പണം എയര്‍പോര്‍ട്ടില്‍ നല്‍കണം. വന്നിറങ്ങുന്ന ദിവസം നടത്തുന്ന പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആവശ്യമില്ല. ബഹ്‌റൈനില്‍ 10 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ക്ക് പത്താമത്തെ ദിവസം രണ്ടാമത്തെ ടെസ്റ്റ് ചെയ്യണം. പത്ത് ദിവസം തികയും മുമ്പെ തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് ആവശ്യമില്ല. ഒരു ടെസ്റ്റിന് 30 ബഹ്‌റൈന്‍ ദീനാര്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ നല്‍കണം. പത്ത് ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ രണ്ട് ടെസ്റ്റിനുള്ള 60 ദീനാര്‍ ഒന്നിച്ചും എയര്‍പോര്‍ട്ടില്‍ കൊടുക്കണം.
‘ബി അവൈര്‍’ എന്ന ബഹ്‌റൈന്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് നിബന്ധനകള്‍ ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ക്കും ബാധകമാണ്. നാട്ടിലിരിക്കെ വീസ തീര്‍ന്നവര്‍ക്ക് പുതിയ വിസയെടുത്തോ സന്ദര്‍ശക വീസയിലോ ബഹ്‌റൈനിലേക്ക് തിരിച്ച് വരാനാകും. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ എര്‍പ്പെടുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍.