X

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പര ഇന്ന്

മൊഹാലി:ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പര ഇന്ന് രാത്രി 7-30 ന് ആരംഭിക്കാനിരിക്കെ വിരാത് കോലിയെ പിണക്കാതെയും കെ.എല്‍ രാഹുലിനെ ഒപ്പം നിര്‍ത്തിയും നായകന്‍ രോഹിത് ശര്‍മയുടെ നയതന്ത്രം. മല്‍സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കോലി ടീമിന്റെ മൂന്നാം ഓപ്പണറാണെന്നും എന്നാല്‍ കെ.എല്‍ രാഹുലിനെ ടീം കൈവിടില്ലെന്നും അദ്ദേഹമാണ് ഓപ്പണര്‍ സ്ഥാനത്തെ പ്രഥമ ചോയിസെന്നും നായകന്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെ അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി കരിയറിലെ ആദ്യ ടി-20 സെഞ്ച്വരി സ്വന്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ മൂന്നാം ഓപ്പണറുടെ റോളില്‍ പരിഗണിക്കുമെന്ന് രോഹിത് വ്യക്തമാക്കിയത്. അഫ്ഗാനെതിരെ രോഹിത് പുറത്തിരുന്നപ്പോഴായിരുന്നു കോലിക്ക് അവസരം നല്‍കിയത്. ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിലേക്ക് പോവുമ്പോള്‍ ടീമില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്ലതാണ്. ഏത് പൊസിഷനിലും കളിക്കാന്‍ ഒന്നിലധികം താരങ്ങളുള്ളത് നായകന്‍ എന്ന നിലയില്‍ തനിക്കും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് രോഹിത് പറഞ്ഞു. കഴിഞ്ഞ കൂറെ മല്‍സരങ്ങളില്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തി. അതെല്ലാം പരിഗണനയിലുണ്ട്. ടീമില്‍ മൂന്നാമതൊരു ഓപ്പണര്‍ ഇല്ലെന്നിരിക്കെ തീര്‍ച്ചയായും വിരാതിനെ പരിഗണിക്കും.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന ആറ് ടി-20 മല്‍സരങ്ങളില്‍ ഏതെങ്കിലും മല്‍സരത്തില്‍ ഓപ്പണറായി കോലിയെ പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഭായിയുമായി (രാഹുല്‍ ദ്രാവിഡ്) സംസാരിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. ഇതിനര്‍ത്ഥം കെ.എല്‍ രാഹുലിനെ അവഗണിക്കുമെന്നല്ല. ലോകകപ്പില്‍ ഒന്നാം ഓപ്പണര്‍ രാഹുലാണ്. ടീമിലെ വളരെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രകടനം മാത്രം വിലയിരുത്തിയാല്‍ മികവ് വ്യക്തമാവുമെന്നും നായകന്‍ പറഞ്ഞു. അതേ സമയം ഇന്ത്യയെ ഭയമില്ലെന്നും ലോകകപ്പിന് മുന്നോടിയായി കരുത്തോടെ ഒരുങ്ങുകയാണ് പ്രധാനമെന്നും ഓസീസ് ക്യാപ്റ്റന്‍ അരോണ്‍ ഫിഞ്ച് വ്യക്തമാക്കി. ഡേവിഡ് വാര്‍ണറെ പോലുള്ള അനുഭവ സമ്പന്നര്‍ ഇല്ലാത്തത് ടീമിനെ ബാധിക്കില്ല. നല്ല യുവതാരങ്ങളുണ്ട്. സ്റ്റീവന്‍ സ്മിത്ത് മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യ

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, യുസവേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ദീപക് ഹുദ, ദിനേശ് കാര്‍ത്തിക്, വിരാത് കോലി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷാഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയ

അരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ് (വൈസ് ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, ടീം ഡേവിഡ്, നതാന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ജോ ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയല്‍ സാംസ്, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയിഡെ, ആദം സാംപ

Test User: