സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടയിലെ ആര്‍പ്പുവിളികള്‍ക്കിടയിലെ മനോഹരമായ കാഴ്ചയായിരുന്നു ഗ്യാലറിയിലെ വൈറലായ വിവാഹാഭ്യര്‍ഥന. കളി നടക്കുന്നതിനിടെ ഇന്ത്യക്കാരനായ യുവാവ് ഓസ്‌ട്രേലിയന്‍ യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുന്നതായിരുന്നു വീഡിയോ. ക്രിക്കറ്റ് ഓസ്‌ട്രേലിയ ആയിരുന്നു ഈ വിഡിയോ പുറത്തു വിട്ടത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇവര്‍ ആരാണ് എന്ന അന്വേഷണങ്ങളും സമൂഹ മാധ്യമങ്ങളില്‍ കണ്ടു.
ബംഗളൂരു സ്വദേശി ദീപന്‍ മണ്ഡാലിയാണ് വിവാഹാഭ്യര്‍ഥന നടത്തിയ ഇന്ത്യക്കാരനായ ആ യുവാവ്. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഓസ്‌ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ദീപന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്.
നാലു വര്‍ഷം മുമ്പാണ് ദീപന്‍ മണ്ഡാലിയ ഓസ്‌ട്രേലിയയിലെത്തുന്നത്. ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന ദീപന്‍ മെല്‍ബണില്‍ വെച്ചാണ് റോസ് വിംബുഷിയെ കണ്ടുമുട്ടുന്നത്. റോസ് താമസിച്ച വാടക വീട്ടില്‍ തന്നെയായിരുന്നു ദീപനും താമസിച്ചത്. റോസിന്റെ പേരില്‍ ആ വീട്ടിലേക്ക് കത്തും പല വിധത്തിലുള്ള അന്വേഷണങ്ങളും വന്നു കൊണ്ടേയിരുന്നു. ഇങ്ങനെ നിരവധി അന്വേഷണങ്ങള്‍ വന്നപ്പോള്‍ റോസിനെ കാണാന്‍ തീരുമാനിക്കുകയായിരുന്നു ദീപന്‍.
അങ്ങനെ ഫെയ്‌സ്ബുക്കില്‍ റോസിനെ കണ്ടെത്തി. ഇരുവരും തമ്മില്‍ കണ്ടുമുട്ടു. റോസിനായി ലഭിച്ച കത്തുകളെല്ലാം കൈമാറി. ആ പരിചയം പിന്നീട് പ്രണയമായി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല.
ക്രിക്കറ്റിനോട് വലിയ അളവില്‍ ഇഷ്ടം കൊണ്ടു നടക്കുന്നവരാണ് രണ്ടു പേരും. ദീപന്‍ കടുത്ത ഇന്ത്യന്‍ ആരാധകനാണെങ്കില്‍ റോസ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കട്ട ഫാനാണ്. ക്രിക്കറ്റാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് ഇരുവരും പറയുന്നു. ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചുള്ള വിവാഹാഭ്യര്‍ഥന റോസിന് അറിയില്ലായിരുന്നെന്നും സര്‍പ്രൈസായിരുന്നെന്നും ദീപന്‍ പറയുന്നു.
പ്രണയ മുഹൂര്‍ത്തങ്ങളുടെ വീഡിയോ പുറത്തു വിട്ടത് ഓസ്‌ട്രേലിയയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇരുവരും പ്രണയാവിഷ്‌കാരങ്ങള്‍ നടത്തിയത്.
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോള്‍ ദീപന്‍ റോസിന് മുന്നിലെത്തി. മുട്ടുകുത്തി നിന്ന് ഇന്ത്യന്‍ ആരാധകന്‍ നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയന്‍ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യന്‍ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗാലറിയിലെ ഈ ഇന്ത്യ-ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്‍ കയ്യടിക്കുന്ന രംഗവും തരംഗമായിരുന്നു.