ബംഗളുരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 87 റണ്‍സ് ലീഡ്. ഇന്ത്യയുടെ 189-നെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓസീസ് 276 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയിട്ടുണ്ട്.
ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 237 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. ഇന്ന് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. തലേദിവസം ക്രീസിലുണ്ടായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെ (26) അശ്വിന്റെ പന്തില്‍ ജഡേജ പിടിച്ചപ്പോള്‍ മാത്യൂ വെയ്ഡിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കി. നതാന്‍ ലിയോണ്‍ (0), ഹേസല്‍ വുഡ് (1) എന്നിവരെ കൂടി പുറത്താക്കി ആറു വിക്കറ്റ് നേട്ടത്തിലെത്തിയ ജഡേജ കൂറ്റന്‍ ലീഡില്‍ നിന്ന് സന്ദര്‍ശകരെ തടഞ്ഞു.
ജഡേജക്കു പുറമെ അശ്വിന്‍ രണ്ടും ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോന്നു വീതവും വിക്കറ്റ് വീഴ്ത്തി. 66 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷും 60 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയുമാണ് ഓസീസിന് അര്‍ഹിച്ച ലീഡ് നേടിക്കൊടുത്തത്.
പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ചിരുന്നതിനാല്‍ ഈ മത്സരം കൂടി ജയിക്കാനായാല്‍ ഓസ്ട്രേലിയക്ക് ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്താനാവും.