നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. പിച്ചിലെ പച്ചപ്പ് നീക്കം ചെയ്തതോടെ സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും നാഗ്പൂരിലേതെന്ന് ഏറെക്കുറെ ഉറപ്പായതോടെ അന്തിമ ഇലവനില്‍ ആരെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം. ഓപ്പണറായി കെ. എല്‍ രാഹുലിനെ നിലനിര്‍ത്തണോ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണോ, റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണോ മൂന്ന് സ്പിന്നര്‍മാര്‍ വേണോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് തലപുകക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ശുഭമ്‌നാന്‍ ഗില്ലിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡ് താല്‍പര്യപ്പെടുന്നത് എന്നാണ് സൂചന. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ സൂര്യകുമാര്‍ യാദവിന് ടെസ്റ്റ് ക്യാപ് നല്‍കണമെന്ന നിലപാടിലാണ്. പതിവുപോലെ ഓപ്പണറായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇറങ്ങുമ്പോള്‍ മറുവശത്ത് ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാനാണ് സാധ്യത. ഏകദിനത്തിലും ടി20യിലും മികച്ച ഫോമിലുള്ള ഗില്‍ ഓപ്പണറെന്ന നിലയില്‍ മുമ്പ് തിളങ്ങിയിട്ടുള്ള താരമാണ്.
ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെക്കാള്‍ ഓപ്പണറായി കളിപ്പിക്കുന്നത് റണ്‍നിരക്ക് ഉയര്‍ത്താനും ഉപകരിക്കും. രാഹുല്‍ ഓപ്പണറായി എത്തിയാല്‍ തുടക്കത്തില മെല്ലെപ്പോക്ക് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്. സമീപകാലത്ത് ബംഗ്ലാദേശിനെതിരെ ഓപ്പണറായി എത്തിയ രാഹുലിന് തിളങ്ങാനും കഴിഞ്ഞിരുന്നില്ല. വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ഇറങ്ങും. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ കളിപ്പിക്കാനാണ് സാധ്യത. ഇടം കൈയനാണെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച സ്വീപ് ഷോട്ട് കളിക്കാനാകുമെന്നതും കിഷന് അനുകൂലമാണ്. എന്നാല്‍ നാഗ്പൂരില്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചാണെങ്കില്‍ ശ്രീകര്‍ ഭരതിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
നഥാന്‍ ലിയോണിന്റെ ഓഫ് സ്പിന്‍ ഇടം കൈയന്‍മാര്‍ക്ക് ഭീഷണിയാകുമെന്നതിനാലാണിത്. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അശ്വിനും ഇറങ്ങുമ്പോള്‍ കുല്‍ദീപ് യാദവ് മൂന്നാം സ്പിന്നറായി ടീമിലെത്തും. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാകും പേസിനെ നയിക്കുക. ഒരു പേസറെ പുറത്തിരുത്തി അക്‌സര്‍ പട്ടേലിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലിനില്‍ക്കുന്നുണ്ട്. ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ മാര്‍നസ് ലാബുഷാനെയും ഓപണര്‍മാരായ ഡേവിഡ് വാര്‍നറും ഉസ്മാന്‍ ഖ്വാജയും സ്പിന്നിനെ സമര്‍ത്ഥമായി കളിക്കുമെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ സ്റ്റീവ് സമിത്തിന്റെ പരിചയ സമ്പത്തായിരിക്കും ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കുക.
കഴിഞ്ഞ 10 വര്‍ഷമായി സ്വന്തം മണ്ണില്‍ കളിച്ച 15 സീരീസുകളും ജയിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇക്കാലയളവില്‍ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ഇതില്‍ ഒന്ന് ഓസീസിനെതിരെയാണ്. ആര്‍ അശ്വിന് ഓസീസിനെതിരെ ഒരു വിക്കറ്റുകൂടി വീഴ്ത്താനായാല്‍ 450 വിക്കറ്റ് കൊയ്യുന്ന ഒമ്പതാമത്തെ കളിക്കാരനായി അദ്ദേഹം മാറും.