X

ഇന്ത്യ-വിന്‍ഡീസ്; ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം

റോസേവു:ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുതിയ സീസണിന് തുടക്കമിട്ട്, രണ്ട് സീസണുകളില്‍ കൈവിട്ട ലോക കിരീടം ഒരിക്കലെങ്കിലും വാങ്ങണമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ ഇത് വരെ മെച്ചപ്പെട്ട പ്രകടനങ്ങളാണ് ഇന്ത്യ രണ്ട് സീസണുകളില്‍ നടത്തിയത്. പക്ഷേ ഫൈനല്‍ കടമ്പ കടക്കാനായില്ല. ആദ്യം ന്യുസിലന്‍ഡിനോട് തോറ്റു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കാരോടും ഫൈനലില്‍ തോറ്റു.

പുതിയ സീസണിലെ ആദ്യ പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല. വിന്‍ഡീസ് ദുര്‍ബലരാണ്. പക്ഷേ പോയിന്റ് സമ്പ്രദായമായതിനാല്‍ വലിയ വിജയത്തിന് കൂടുതല്‍ പോയിന്റുണ്ട്. ക്രെയിഗ് ബ്രാത്ത്‌വെയിറ്റ് നയിക്കുന്ന വിന്‍ഡീസ് സംഘത്തെ എളുപ്പത്തില്‍ തോല്‍പ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഒരുക്കത്തിനും ടെസ്റ്റ്, ഏകദിന, ടി-20 പരമ്പര ഗുണകരമാവുകയും വേണം. രാത്രി 7-30 മുതലാണ് കളിയാരംഭിക്കുന്നത്. ഇന്ത്യന്‍ സംഘത്തില്‍ അനുഭവ സമ്പന്നര്‍ക്കൊപ്പം യുവതാരങ്ങളുമുണ്ട്. ബൗളിംഗില്‍ മുഹമ്മദ് സിറാജിനൊപ്പം നായകന്‍ രോഹിത് ശര്‍മ ആര്‍ക്കെല്ലാം അവസരം നല്‍കുമെന്നാണ് അറിയേണ്ടത്. നവദീപ് സെയ്‌നി, മുകേഷ് കുമാര്‍ തുടങ്ങിയവരില്‍ ആരെങ്കിലും കളിക്കാനാണ് സാധ്യത. പുതിയ പന്ത് പങ്കിടുക സിറാജിനൊപ്പം ഷാര്‍ദ്ദൂല്‍ ഠാക്കൂറായിരിക്കും. ബാറ്റര്‍മാരില്‍ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്‍, വിരാത് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനേ എന്നിവര്‍ ഉറപ്പാണ്.

webdesk11: