അസ്താന: അമേരിക്കന്‍ സഖ്യമായ നാറ്റോക്ക് ബദലാകാന്‍ ചൈന മുന്‍കൈയെടുത്ത് രൂപം നല്‍കിയ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍(എസ്.സി.ഒ) ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം. രണ്ടു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനിയില്‍ ചേര്‍ന്ന എസ്.സി.ഒ ഉച്ചകോടി ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. 2005 മുതല്‍ ഇന്ത്യയും പാകിസ്താനും ഇറാനും എസ്.സി.ഒയില്‍ നിരീക്ഷക രാഷ്ട്രങ്ങളായിരുന്നു.
റഷ്യയുടെ ശക്തമായ പിന്തുണയാണ് എസ്.സി.ഒ അംഗത്വത്തിന് ഇന്ത്യക്ക് തുണയായത്. ചൈനയാണ് പാകിസ്താനെ തുണച്ചത്. ഇതോടെ എസ്.സി.ഒയിലെ അംഗ രാഷ്ട്രങ്ങളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ചൈന, കസാക്കിസ്താന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവയാണ് മറ്റ് അംഗരാഷ്ട്രങ്ങള്‍. ലോക ജനസംഖ്യയുടെ 40 ശതമാനവും ആഗോള മൊത്തോത്പാദനത്തിന്റെ(ഗ്ലോബല്‍ ഡി.ജി.പി) 20 ശതമാനവും ഈ എട്ട് രാജ്യങ്ങളില്‍നിന്നുള്ളതാണ്. അഫ്ഗാനിസ്താന്‍, ബലാറസ്, ഇറാന്‍, മംഗോളിയ എന്നീ രാഷ്ട്രങ്ങള്‍ നിരീക്ഷക രാഷ്ട്രങ്ങളും അര്‍മീനിയ, അസര്‍ബൈജാന്‍, കമ്പോഡിയ, നേപ്പാള്‍, ശ്രീലങ്ക, തുര്‍ക്കി എന്നിവ സംഭാഷണ പങ്കാളികളും അസിയാന്‍, സി.ഐ.എസ് എന്നീ സംഘടനകളും തുര്‍ക്ക്‌മെനിസ്താന്‍ രാഷ്ട്രവും അതിഥി രാഷ്ട്രങ്ങളുമാണ്.
”ഇന്ത്യയും പാകിസ്താനും ഇനി മുതല്‍ അംഗരാഷ്ട്രങ്ങളാണ്. ഇത് നമുക്ക് സുപ്രധാനമായൊരു നിമിഷമാണ്.” തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കസാക്കിസ്താന്‍ പ്രസിഡണ്ടും എസ്.സി.ഒയുടെ ചെയര്‍മാനുമായ നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് പറഞ്ഞു.
പൂര്‍ണ അംഗത്വം ലഭിക്കുന്നതോടെ ആഗോള ഭീകരവാദം, മേഖലയുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സംഘടനകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.
വന്‍തോതില്‍ പെട്രോളിയം, പ്രകൃതി വാതക നിക്ഷേപമുള്ളവയാണ് എസ്.സി.ഒ അംഗരാഷ്ട്രങ്ങളില്‍ പലതും. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇന്ധന ഉപഭോഗമുള്ള രാഷ്ട്രമാണ് ഇന്ത്യ. എസ്.സി.ഒയില്‍ അംഗമാകുന്നതോടെ അംഗരാഷ്ട്രങ്ങളുമായി ചേര്‍ന്ന് എണ്ണ, പ്രകൃതിവാതക ഖനനത്തിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലും ഇന്ത്യക്കുണ്ട്.