X

ട്വ​ന്റി20 ലോ​ക​ക​പ്പ് സെ​മി​യി​ൽ ഇ​ന്ന് ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും നേര്‍ക്കുനേര്‍

ട്വന്റി-20 ലോകകപ്പില്‍ ഫൈനല്‍ പ്രവേശത്തിനായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നതെങ്കിലും ശരിക്കും ഫൈനല്‍ ഈ മത്സരമായിരിക്കുമെന്നാണ് ആരാധാകരുടെ വിലയിരുത്തല്‍. ഏതാനും മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്‍ നടക്കും.

ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. 2022 ലെ സെമിഫൈനല്‍ പരാജയത്തിന്റെ കണക്കുതീര്‍ക്കാനായിരിക്കും ഇന്ത്യയുടെ നീക്കങ്ങളെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തന്ത്രങ്ങള്‍ പാളിയാല്‍ ഇരട്ടി പ്രഹരമേല്‍ക്കേണ്ടി വരും. കാരണം നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഒന്നാം റാങ്കിലുള്ള ഇന്ത്യയോട് വിജയിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.

അമേരിക്കന്‍ പിച്ചുകളെ അപേക്ഷിച്ച് വെസ്റ്റ് ഇന്‍ഡീസില്‍ ബൗണ്‍സ് കുറവുള്ളതാണ് പ്രോവിഡന്‍സിലെ പിച്ച്. അതിനാല്‍ തന്നെ ടീമിലെ സ്പിന്നമാരുടെ പ്രകടനവും ഇവരെ കൈകാര്യം ചെയ്യുന്ന ബാറ്റമാരുടെ പ്രാഗത്ഭ്യവുമായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക. വലിയ അന്തരമില്ലെങ്കിലും ചെറിയ മുന്‍തൂക്കമുള്ള ഇന്ത്യക്കാണ്. തിളങ്ങിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാന്‍ സാധ്യമായ ബൗളിങ് നിര ഇംഗ്ലണ്ടിനില്ല. എന്നാല്‍ ഇന്ത്യക്കാണെങ്കില്‍ ശക്തമായ ബൗളിങ് നിര തന്നെയുണ്ട്. രോഹിത് ശര്‍മ്മയും വിരാട് കോലിയും ബാറ്റിങില്‍ തിളങ്ങുമെന്നും ബുംറ പ്രധാന വിക്കറ്റുകള്‍ എടുക്കുമെന്നുമൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ.

മഴ കളിമുടക്കിയാല്‍ ഗയാനയില്‍ റിസര്‍വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്‍ പൂര്‍ത്തിയാക്കും മുന്‍പ് മഴയെത്തി മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ സൂപ്പര്‍ എട്ടിലെ ജേതാക്കള്‍ എന്ന ആനുകൂല്യത്തില്‍ ഇന്ത്യയായിരിക്കും ഫൈനലിലേക്ക് പ്രവേശിക്കുക. എന്നാല്‍ മഴയില്ലാത്ത പക്ഷം നല്ല കളി പുറത്തെടുത്താല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനല്‍ബര്‍ത്ത് ഉറപ്പിച്ചു.

webdesk13: