ന്യൂഡല്‍ഹി: വ്യാപാര രംഗത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് രാജ്യത്തെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉഭയകക്ഷി ശ്രമങ്ങള്‍ തുടരുമ്പോഴും വ്യാപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ നീക്കാനുള്ള തീരുമാനവുമായി യു.എസ് മുന്നോട്ടുപോകുന്നത് ഏറെ നിരാശാജനകമാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏത് ബന്ധത്തിലും, പ്രത്യേകിച്ച് സാമ്പത്തിക കാര്യത്തില്‍ പരിഹരിക്കാന്‍ കാലതാമസമുണ്ടാകുന്ന പ്രശ്‌നങ്ങളുണ്ടാകും. ക്രമാനുഗതമായ പ്രക്രിയയുടെ ഭാഗമായാണ് തങ്ങള്‍ അതിനെ കാണുന്നത്. അമേരിക്കയുമായി ഉറ്റബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം തുടരുമെന്നും മന്ത്രാലയം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ രൂപത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടര്‍ന്നും സാധിക്കുമെന്ന് മന്ത്രാലയം വിശ്വാസം പ്രകടിപ്പിച്ചു.
വികസ്വര രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള വ്യാപാരം ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ജി.എസ്.പിയില്‍ (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്)നിന്ന് ഇന്ത്യയെ പുറത്താക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. അക്കാര്യത്തില്‍ പുനരാലോചനയില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. ജൂണ്‍ അഞ്ചോടെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഇന്ത്യ ഒഴിവാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വ്യാപാര തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
തങ്ങളുടെ മാര്‍ക്കറ്റിലേക്ക് ന്യായവും തുല്യവുമായ പ്രവേശനം അനുവദിക്കാമെന്ന് ഇന്ത്യ അമേരിക്ക ഉറപ്പുനല്‍കിയിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറക്കുമതി തീരുവ കുറക്കണമെന്ന നിര്‍ദേശം ഇന്ത്യ പാലിക്കാത്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ നടപടിയെന്ന് സൂചനയുണ്ട്. ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത് അമേരിക്കന്‍ ബിസിനസ് സമൂഹത്തിന് 300 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് പല ഉന്നത യു.എസ് നിയമനിര്‍മാതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജി.എസ്.പി സംവിധാന പ്രകാരം യു.എസ് കോണ്‍ഗ്രസ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വികസ്വര രാജ്യങ്ങളുടെ രണ്ടായിരത്തോളം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ അമേരിക്കന്‍ വിപണിയില്‍ നേരിട്ട് പ്രവേശനം ലഭിക്കും.
ജി.എസ്.പി കരാറിന്റെ പ്രധാന ഗുണഭോക്താവാണ് ഇന്ത്യ. 2017ല്‍ ഇന്ത്യ 5.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയിരുന്നു. ജി.എസ്.പി പട്ടികയിലുള്ള 120 രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പല ഉല്‍പന്നങ്ങള്‍ക്കും യു.എസ് ഇറക്കുമതി തീരുവ ഈടാക്കുന്നില്ല. രണ്ടാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുമായി മികച്ച സഹകരണത്തിന് ആഗ്രഹിക്കുന്നതായി യു.എസ് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യയെ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്താക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കന്‍ വാണിജ്യ മേഖലയായി പ്രതികൂലമായി ബാധിക്കുന്ന രൂപത്തില്‍ യു.എസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നിരവധി വ്യാപാര തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് ഇന്ത്യയില്‍ 100 ശതമാനം നികുതി ചുമത്തുമ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന് യു.എസില്‍ ഒരു നികുതിയും ഈടാക്കുന്നില്ലെന്നും അത്തരം രീതികള്‍ അനുവദിക്കാനാവില്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാര്‍ഷിക യോഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
- 5 years ago
web desk 1
വ്യാപാര മുന്‍ഗണനാ പട്ടിക മാറ്റമില്ലാതെ യു.എസ് നിരാശയോടെ ഇന്ത്യ
Tags: india-america