X

ഇവിഎമ്മിനെതിരെ ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്; തീരുമാനം ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കേ

മഹാരാഷ്ട്രയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം.

കോണ്‍ഗ്രസ് നേതാക്കളും, മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും പ്രമുഖ അഭിഭാഷകന്‍ അഭിഷേക് സിങ്‌വിയും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പവാറിന്റെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സഖ്യം മഹാരാഷ്ട്രയില്‍ വന്‍ പരാജയം നേരിട്ടിരുന്നു. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ചില മുന്‍കൂര്‍ ആസൂത്രണം ആവശ്യമാണെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കഴിഞ്ഞ രണ്ടുതവണയും ഡല്‍ഹിയില്‍ എ.എ.പി വന്‍ ജയം നേടിയെങ്കിലും ഇത്തവണ കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരേ അഴിമതിയാരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി. മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം സുപ്രീംകോടതി ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളെ ശക്തമായി പിന്തുണച്ചതാണ് മുന്നനുഭവങ്ങള്‍. നിരവധി വിധികളില്‍ അതിന്റെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പുനെയിലെ ഹഡപ്‌സര്‍ സീറ്റില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട ശരദ് പവാര്‍ എന്‍.സി.പി. നേതാവ് പ്രശാന്ത് ജഗ്താപാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

webdesk13: