ന്യൂഡല്‍ഹി; ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്നും നാളെയും മുംബൈയില്‍ നടക്കും. ബി.ജെ.പിക്കെതിരെ സമാന മനസ്‌കരായ പാര്‍ട്ടികളെ ഒരുമിച്ചുകൂട്ടിയുള്ള സഖ്യ നീക്കം സജീവമായ ശേഷം നടക്കുന്ന മൂന്നാമത് യോഗമാണ് ഇത്. ഇന്ത്യ സഖ്യത്തിനായി രൂപകല്‍പ്പന ചെയ്ത പുതിയ ലോഗോ യോഗത്തില്‍ പുറത്തിറക്കുമെന്നാണ് വിവരം. സബ് കമ്മിറ്റിളുടെ രൂപീകരണമാണ് യോഗത്തിന്റെ മറ്റൊരു അജണ്ട. സഖ്യത്തിന് കണ്‍വീനറെ നിശ്ചയിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. വിവിധ കക്ഷികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡല്‍ഹി കേന്ദ്രീകരിച്ച് സെക്രട്ടറിയേറ്റ് സ്ഥാപിക്കുന്നതും യോഗം ചര്‍ച്ച ചെയ്യും.
സീറ്റു വിഭജനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ബെംഗളൂരുവില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍ പങ്കെടുത്ത 26 കക്ഷികളുടേയും നേതാക്കള്‍ മുംബൈയില്‍ നടക്കുന്ന യോഗത്തിലും പങ്കെടുക്കും. ഇതിനു പുറമെ കൂടുതല്‍ കക്ഷികള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.